ന്യൂഡൽഹി: കാണാതായ ഗുജറാത്തി സിനിമാ സംവിധായകൻ മഹേഷ് ജിരാവാല അഹമ്മദാബാദ് വിമാനപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച മൃതദേഹ അവശിഷ്‌ടം മഹേഷിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു.
അപകടത്തിന് ശേഷം ഷാഹിബാഗ് സിവിൽ ആശുപത്രിക്ക് സമീപം വച്ച് മഹേഷ് ജിരാവാലയെ കാണാതായിരുന്നു. അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്നുള്ള അവസാന സിഗ്‌നൽ അപകട സ്ഥലത്തിന് സമീപത്തു നിന്നായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മഹേഷിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെങ്കിലും കുടുംബം വിശ്വസിച്ചിരുന്നില്ല.
ഡി.എൻ.എ റിപ്പോർട്ടിന്റെ പരിശോധനയിൽ മഹേഷ് ജിരാവാലയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കത്തിയ ആക്ടിവ സ്‌കൂട്ടറും മൊബൈൽ ഫോണും കണ്ടെത്തി. ഒരു ഗുജറാത്തി സിനിമയും നിരവധി പരസ്യ, സംഗീത ആൽബങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്.
247 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അപകടത്തിൽ മരിച്ചവരിൽ 247 പേരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരം വരെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മലയാളി നഴ്സ് രഞ്ജിതാ നായരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |