കൊച്ചി: സുരേഷ് ഗോപി നായകനായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള" (ജെ.എസ്.കെ) എന്ന സിനിമയുടെ പേരു മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ബോർഡ് നിർദ്ദേശത്ത സംവിധായകൻ പ്രവീൺ നാരായണൻ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രേഖാമൂലം നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സംവിധായകൻ പറഞ്ഞത്. പീഡനത്തിനിരയായ കഥാപാത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പര്യായമായ പേര് പാടില്ലെന്നാണ് നിർദ്ദേശം. രേഖാമൂലമായ അറിയിപ്പ് ലഭിച്ച ശേഷം ഫെഫ്‌ക പ്രതിഷേധിക്കും.പദ്മകുമാർ സംവിധാനം ചെയ്‌ത സിനിമയിലും ഇതേ അനുഭവം ഉണ്ടായിരുന്നു. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം. എബ്രഹാമിനെ കൃഷ്‌ണനോ രാഘവനോ ആക്കുക, അല്ലെങ്കിൽ ജാനകിയെന്ന പേര് മാറ്റുകയെന്നായിരുന്നു ആവശ്യം. ജാനകിയെ ജയന്തിയെന്നാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. നൽകാവുന്ന പേരുകൾ കൂടി സെൻസർ ബോർഡ് മാർഗനിർദ്ദേശങ്ങളിൽ അടിച്ചു തന്നാൽ നന്നായിരുന്നു. ഹിന്ദു പേരിട്ടാൽ ഏതെങ്കിലും ദേവിയുടെയും ദേവന്റെയും പേരാകും. കഥ, തിരക്കഥ, സംവിധാനം ഉണ്ണിക്കൃഷ്‌ണൻ എന്ന് പേരു വയ്‌ക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ എന്താകും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |