ആലപ്പുഴ: ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നതിലെ അമിത നിരക്കും മറിച്ചുവില്പനയും തടയാൻ ലക്ഷ്യമിട്ടുള്ള 'സുജലം സുലഭം' പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ആവശ്യക്കാർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം വഴി വിതരണം ചെയ്യുന്നതുമാണ് പദ്ധതി. തിരുവനന്തപുരം നഗരസഭ വിജയകരമായി നടപ്പാക്കിയ ഡിജിറ്റൽ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. സ്മാർട്ട് ട്രിവാൻഡ്രം ആപ്ളിക്കേഷൻ മുഖേനയാണ് തിരുവനന്തപുരത്ത് ഇത് സാദ്ധ്യമാക്കിയത്.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളെ റൂട്ട് തിരിച്ച് വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഡേറ്റാ ബാങ്കിലാക്കി ഓരോരുത്തർക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയാകും വിതരണം. ആവശ്യമായ വെള്ളം ഗുണഭോക്താവിന് ഓൺലൈനായി ബുക്ക് ചെയ്യാം. ടാങ്കർ എത്തിച്ചേരുന്ന സമയവും അനുവദിച്ച വെള്ളത്തിന്റെ അളവും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തുന്നതിനാൽ കൃത്രിമം കാട്ടാനാകില്ല.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് ടാങ്കറുകളിലൂടെ വിതരണം ചെയ്യുന്നതിന്റെ ചുമതല. നിലവിൽ കിലോമീറ്ററിന് ശരാശരി 70-80 രൂപ നിരക്കിൽ ലോറി-ടാങ്കർ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചാണ് വിതരണം. അമിത വില ഈടാക്കുന്നതും ഹോട്ടലുകാർക്കടക്കം മറിച്ചുവിൽക്കുന്നതും പരാതികൾക്ക് ഇടയാക്കിയിരുന്നു.
ടാങ്കറുകൾക്ക്
രജിസ്ട്രേഷൻ
1.വെള്ളത്തിന്റെ വിലയും വാഹന വാടകയും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
ടാങ്കർ ലോറികളെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യണം
2.ഓൺലൈൻ ബുക്കിംഗ് അനുസരിച്ച് ടാങ്കറുകൾക്ക് വാട്ടർ അതോറിട്ടി മീറ്ററുകൾ ഘടിപ്പിച്ച വെൻഡിംഗ് പോയിന്റ് വഴി കുടിവെള്ളം ലഭ്യമാക്കും. ഇതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാകും
ടാങ്കർ കുടിവെള്ള നിരക്ക്
(രൂപയിൽ)
1000 ലിറ്റർ...................16.62
6000ലിറ്റർ വരെ..........330.75
6000 ലിറ്ററിന് മേൽ.....551.25
''തദ്ദേശ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ സംവിധാനം ആവിഷ്കരിക്കേണ്ടതുണ്ട്
-ടെക്നിക്കൽ വിഭാഗം,
വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |