കൊച്ചി: അസഭ്യപ്രയോഗങ്ങൾ ധാരാളമുള്ള ചുരുളി സിനിമയെച്ചൊല്ലി നടൻ ജോജു ജോർജും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും തമ്മിൽ പോർവിളി. പ്രതിഫലത്തെച്ചൊല്ലി ആരംഭിച്ച വാക്പോര് തെറിസംഭാഷങ്ങളെച്ചൊല്ലി മുറുകി. മേളകൾക്കായെന്നുപറഞ്ഞ് ചിത്രീകരിച്ച തെറിവിളികളുള്ള സിനിമ ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചത് തന്റെ കുടുംബത്തെയും ബാധിച്ചെന്ന് ജോജു ആരോപിച്ചു.
പ്രതിഫലം ലഭിച്ചില്ലെന്ന് ജോജു ആരോപിച്ചതിലാണ് തുടക്കം. പ്രതിഫലം കൃത്യമായി നൽകിയെന്ന് ലിജോ ജോസ് തിരിച്ചടിച്ചു. മൂന്നു ദിവസത്തെ അഭിനയത്തിന് 5,90,000 രൂപ നൽകിയെന്ന രേഖയും സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടു. ജോജുവിനെ തെറ്റിദ്ധരിപ്പിച്ചില്ല. ഭാഷയെക്കുറിച്ചൊക്കെ ധാരണയുള്ളയാളാണ് അദ്ദേഹമെന്നും ലിജോ പറഞ്ഞു.
തുണ്ടുകടലാസല്ല, യഥാർത്ഥ കരാർരേഖ പുറത്തുവിടണമെന്ന് ജോജു ഇന്നലെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജോസഫ്, പൊറിഞ്ചു എന്നീ സിനിമകൾക്കു ശേഷമാണ് ചുരുളി വന്നത്. അന്നത്തെ പ്രതിഫലം എങ്ങനെയായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. പ്രതിഫലം എത്രയെന്ന് എഴുതി ഒപ്പിട്ടു കൊടുത്തശേഷം ഇത്തരം ആരോപണം ഉന്നയിക്കുന്നത് ചെറ്റത്തരമാണ്. അതിനൊരു കരാറുണ്ട്. അത് വെളിപ്പെടുത്തട്ടെ.
പ്രതിഫലമല്ല തന്റെ പ്രശ്‌നം. ചുരുളി വ്യക്തിജീവിതത്തിൽ തനിക്കുണ്ടാക്കിയ പേരുദോഷം ചെറുതല്ല. ട്രോളുകളിലെല്ലാം തന്റെ തെറി ഡയലോഗാണ് ഉപയോഗിക്കുന്നത്. മകളെ സ്‌കൂളിൽ ഡയലോഗിന്റെ പേരിൽ കളിയാക്കി. വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് മകൾ പറഞ്ഞു.
സിനിമയെയോ കഥാപാത്രത്തെയോ തള്ളിപ്പറയുന്നില്ല. മേളകളിൽ പ്രദർശിപ്പിക്കാനെന്ന് പറഞ്ഞതിനാലാണ് തെറി പറഞ്ഞ് അഭിനയിച്ചത്. തെറിയില്ലാത്ത പതിപ്പുമുണ്ടായിരുന്നു. താനതിൽ ഡബ് ചെയ്‌തതാണ്. അതാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. തെറിയുള്ളത് ഒ.ടി.ടിയിൽ വൻലാഭത്തിൽ വിറ്റു. മേളയ്‌ക്കുള്ള ചിത്രമല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ താൻ അഭിനയിക്കില്ലായിരുന്നു. അത്തരം വേഷങ്ങൾ മുമ്പും ഉപേക്ഷിച്ചിട്ടുണ്ട്. ലിജോ ജോസിന്റെ ശത്രുവല്ല താൻ. വാദിച്ചു ജയിക്കാനല്ല, നിലനില്പിനു വേണ്ടിയാണ് കാര്യങ്ങൾ പറയേണ്ടിവന്നതെന്ന് ജോജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |