തിരുവനന്തപുരം: അപകടരഹിത വൈദ്യുതി മേഖലയാണ് സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂൾ തലത്തിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് നടത്തിയ ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം മന്ത്രി നിർവഹിച്ചു. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പരിപാടികൾ നടപ്പാക്കിയ ഇടുക്കി,പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജില്ലാ ഓഫീസുകൾക്കും നിലമ്പൂർ കെ.എസ്.ഇ.ബി. എൽ ഡിസ്ട്രിബ്യൂഷൻ സർക്കിളിനുമുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു.
അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലൂരി,ഇ.എം.സി ഡയറക്ടർ ആർ.ഹരികുമാർ,ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് ഡയറക്ടർ പി.പ്രമോദ്,ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി.വിനോദ്,കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മീഷണർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 26 മുതൽ ജൂലായ് 2 വരെയാണ് ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |