സുൽത്താൻ ബത്തേരി / കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന്കാണാതായ വയനാട് സുൽത്താൻ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി.
സുൽത്താൻ ബത്തേരി മാടാക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ് കുമാർ, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി.എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നൗഷാദ് വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
2024 മാർച്ച് 20ന് കോഴിക്കോട് മെഡി.കോളേജിന് സമീപം മായനാട് നടപ്പാലത്തെ വാടക വീട്ടിൽ നിന്നാണ് കാണാതായത്.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. തമിഴ്നാട് ആർ.ഡി.ഒ. പൊലീസ്, വനം വകുപ്പ് തുടങ്ങിയവുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി മെഡി.കോളേജിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധന പൂർത്തിയായാൽ മാത്രമെ മൃതദേഹം ഹേമചന്ദ്രന്റേതെന്ന് ഉറപ്പിക്കുകയുള്ളൂവെന്ന് എ.സി.പി ഉമേഷ് പറഞ്ഞു. 2024 മാർച്ച് 20നാണ് കാണാതായത്. ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെരച്ചിൽ നടത്തിയത്.
പെൺസുഹൃത്ത്
നൽകിയ സൂചന
# 20 വർഷം മുമ്പാണ് കോഴിക്കോട് മായനാടിനടുത്ത് നടപ്പാലത്ത് വാടക വീട്ടിലേക്ക് ഹേമചന്ദ്രൻ കുടുംബസമേതം താമസം മാറിയത്. നേരത്തേ പട്ടാളത്തിൽ ഡ്രെെവറായിരുന്നു. നാട്ടിലെത്തി പണം പലിശയ്ക്ക് നൽകുന്ന ജോലിയായിരുന്നു.2024മാർച്ച് 20ന് ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയത്. ഭാര്യ സുബിഷ ഏപ്രിൽ ഒന്നിന് മെഡി.കോളേജ് പൊലീസിൽ പരാതി നൽകി.
# അവസാനമായി ഹേമചന്ദ്രനെ ഫോണിൽ വിളിച്ചത് കണ്ണൂർ സ്വദേശിയായ പെൺസുഹൃത്താണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ കാണാൻ മെഡിക്കൽ കോളേജ് ഭാഗത്തേക്കാണ് പോയത്. തട്ടിക്കൊണ്ടുപോയെന്ന ഇവരുടെ മൊഴിയാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധമുള്ളവർ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരള-തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി ഊട്ടി റോഡിന് സമീപത്ത് കാപ്പിക്കാട് വനമേഖലയിൽ നാല് കിലോമീറ്റർ ചുറ്റളവിലെ ചതുപ്പിൽ പൊലീസ് പരിശോധന നടത്തിയത്.
കൊലപാതകം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്നും കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
മൃതദേഹം അഴുകിയില്ല,
കുനിഞ്ഞിരിക്കുന്ന നിലയിൽ
മൃതദേഹം കാര്യമായി അഴുകിയിരുന്നില്ലെന്നും കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. നാലടി താഴ്ചയിലായിരുന്നു മൃതദേഹം. തിരച്ചിൽ സമയത്ത് പ്രതികളും പൊലീസിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |