തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്ട്രൈക്കായി. 'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയാണ് ജനകീയ ഡോക്ടറുടെ പ്രതികരണം. ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും. സ്ഥിതി രൂക്ഷമായതോടെയാണ് ഡോ.ഹാരിസ് ചിറയ്ക്കൽ വൈകാരികമായി പ്രതികരിച്ചത്. 'രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്നു." അധികൃതരുടെ നയത്തിൽ വീർപ്പുമുട്ടിയ ഡോക്ടറുടെ പ്രതികരണം വിവാദമായതോടെ സർക്കാർ ഇടപെട്ടു. പ്രതിസന്ധികൾ വിശദീകരിക്കുന്ന രണ്ടു പോസ്റ്റുകളും ഹാരിസ് പിൻവലിച്ചു. എന്നാൽ, നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ജോലി മടുത്തെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റുമിട്ടു.
തെറ്റെന്ന് ആരോഗ്യവകുപ്പ്
ഡോ.ഹാരിസിന്റെ ആരോപണങ്ങൾ തെറ്റാണെന്നാണെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. ഹാരിസിനോട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥൻ വിശദീകരണം തേടി. അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാനും നീക്കമുണ്ട്. അതിനിടെ എച്ച്.ഡി.എസ് ഓഫീസിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം വാങ്ങാനുള്ള നടപടികൾക്ക് ഇന്നലെ വൈകിട്ടോടെ നീക്കം തുടങ്ങി. എച്ച്.ഡി.എസ് ചെയർമാനായ ജില്ല കളക്ടറുടെ അനുമതിക്കായി ഫയൽ കൈമാറി.
ശസ്ത്രക്രിയകൾ മുടങ്ങി
ഉപകരണത്തിന്റെ ക്ഷാമം കാരണം തുടർച്ചയായി മൂന്നു ശസ്ത്രക്രിയ മുടങ്ങി.
വെള്ളിയാഴ്ച നടക്കേണ്ട മകന്റെ പ്രായമുള്ള യുവാവിന്റെ ശസ്ത്രക്രിയയും മുടങ്ങിയതോടെയാണ് ഡോ.ഹാരിസ് ആദ്യപോസ്റ്റിട്ടത്. യൂറോളജി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന 41,000 രൂപ വിലയുള്ള ഉപകരണം വാങ്ങി നൽകാൻ ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ഓഫീസിൽ
കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനായി പലവട്ടം ഈ ഓഫീസിലെത്തി. നിയമപ്രശ്നം പറഞ്ഞ് കുരുക്കിടുകയായിരുന്നു. മന്ത്രി ഓഫീസിലും വിവരം അറിയിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല.
അന്വേഷണം നടത്തും: മന്ത്രി വീണ
കൊച്ചി: 'ഡോക്ടറുടെ വെളിപ്പെടുത്തൽ ചെറിയ കാര്യമല്ല. വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. മേയിൽ മാത്രം 300ൽപ്പരം ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇന്നലെ മൂന്നു ശസ്ത്രക്രിയകൾ നടന്നു. നാലാമത്തേത് മുടങ്ങി. ഈ വിഷയമൊന്നും എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. വേണ്ട നടപടികളെടുക്കും." ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് ഈ വിവരങ്ങൾ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തില്ല തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ഡി.എം.ഇ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |