മുംബയ്: നവി മുംബയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെയാണ് ബാസ്ക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളാണ് കുട്ടിയെ ആദ്യമായി കണ്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടനെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാസ്ക്കറ്റിൽ നിന്ന് ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പും കണ്ടെത്തി.
ക്ഷമിക്കണം മറ്റ് മാർഗമൊന്നുമില്ല സാമ്പത്തിക സ്ഥിതി മോശമായതിനാൽ കുട്ടിയെ വളർത്താൻ കഴിയില്ലെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച ശേഷം ശിശു ക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനിച്ച് 72 മണിക്കൂറിനുള്ളിൽ കുട്ടിയെ ഉപേക്ഷിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |