കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് കൽക്കട്ട ലാ കോളേജിൽ നിയമവിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയമ വിദ്യാർത്ഥിനിയെ ഈ ആഴ്ച ആദ്യം കോളേജ് ഗേറ്റിൽ നിന്ന് കാമ്പസിനുള്ളിലേക്ക് രണ്ട് പ്രതികളും ചേർന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെയും മാനഭംഗപ്പെടുത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായി കൊൽക്കത്ത പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ജൂൺ 25ന് ലാ കോളേജിലെ 24കാരിയായ വിദ്യാർത്ഥിനിയെ ഗാർഡിന്റെ മുറിയിൽ വച്ച് രണ്ട് സീനിയർ വിദ്യാർത്ഥികളും ഒരു പൂർവ വിദ്യാർത്ഥിയും ചേർന്ന് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പ്രധാന പ്രതി മനോജിത് മിശ്ര മറ്റു രണ്ടു പേരോട് തന്നെ ഗാർഡ് റൂമിലേക്ക് ബലമായി കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നുവെന്ന അതിജീവിതയുടെ മൊഴി ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
സിസി ടിവി ദൃശ്യങ്ങൾ യുവതിയുടെ ആരോപണങ്ങൾ സ്ഥിരികരിക്കുന്നു. മൂന്നു പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങൾ ഇതിൽ കാണാം. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രധാന പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസിൽ മനോജിത് മിശ്ര, പ്രോമിത് മുഖർജി, സെയ്ദ് അഹമ്മദ്, കോളേജ് ഗാർഡ് എന്നീ നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജിത് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തുവെന്നും മറ്റ് രണ്ട് പേർ വീഡിയോകൾ ഷൂട്ട് ചെയ്തെന്നും പരാതിയിൽ പറയുന്നു. മനോജിത് മിശ്ര തൃണമൂലിന്റെ യുവജന വിഭാഗം നേതാവാണ്. എന്നാൽ പ്രതിയെ സംരക്ഷിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അതിജീവിതയെ കോളേജിലെത്തിച്ച് മൊഴിയെടുത്തിരുന്നു, കേസിൽ അസിസ്റ്റന്റെ കമ്മിണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |