ആലപ്പുഴ: സിവിൽ സപ്ളൈസ് വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികളിൽ ചിലർ ഉന്നയിച്ച വിമർശനങ്ങളെ തള്ളി സി.പി.ഐ ആലപ്പുഴ ജില്ലാ നേതൃത്വം. കേന്ദ്രവിഹിതം യഥാസമയം ലഭിക്കാത്തതും ബാങ്കുകളുടെ നിസഹകരണവുമാണ് നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നിരിക്കെ മന്ത്രിയെയും വകുപ്പിനെയും വിമർശിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നൽകിയ വിശദീകരണം.
നെല്ല് സംഭരണത്തിന്റെ തുടക്കത്തിൽ തന്നെ സംഭരണത്തിന് മില്ലുകാരെ നിയോഗിക്കുകയും പ്രതികൂല കാലാവസ്ഥയിലും കർഷകർക്ക് വലിയ നഷ്ടമുണ്ടാകാത്ത വിധത്തിൽ സംഭരണം പൂർത്തിയാക്കുകയും ചെയ്തത് വകുപ്പ് മന്ത്രിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ്. വേണ്ടത്ര ഗുണനിലവാരമില്ലെന്ന പേരിൽ മില്ലുകാർ സംഭരിക്കാൻ കൂട്ടാക്കാതിരുന്ന നെല്ല് ഓയിൽ പാം ഇന്ത്യയുടെ സഹായത്തോടെ ഏറ്റെടുപ്പിക്കാനും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിന്റെ പണമെത്തിക്കാനും കഴിഞ്ഞതിന് പിന്നിലും കൃഷി മന്ത്രി പ്രസാദിന്റെയും ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെയും നിരന്തര ഇടപെടലിന്റെയും ആശയവിനിമയത്തിന്റെയും ഫലമാണ്.
പക്ഷിപ്പനി പ്രതിരോധത്തിലും കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും കേന്ദ്ര സർക്കാരിന്റെ നിസകരണത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സി.പി.ഐ മന്ത്രി ചിഞ്ചുറാണിയുടെ മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞു. പക്ഷിപ്പനി ഈവർഷം റിപ്പോർട്ട് ചെയ്യാതിരുന്നത് പ്രതിരോധത്തിലെ മികവിന്റെ ഉദാഹരണമാണെന്നും ആഞ്ചലോസ് വിശദീകരിച്ചു.
അതേസമയം,പഴയ തിരുത്തൽ സ്വഭാവമുള്ള പാർട്ടിയായി സി.പി.ഐ മാറണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. വിമർശനങ്ങൾക്ക് ആഞ്ചലോസും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിശദീകരണം നൽകി. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കാനിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി മുൻകൈയെടുത്ത് ഭിന്നാ ഭിപ്രായക്കാരുമായും സമവായം ഉണ്ടാക്കിയാണ് സമ്മേളനം മത്സരം കൂടാതെ അവസാനിപ്പിച്ചത്.
സി.പി.എമ്മിന്
വല്യേട്ടൻ മനോഭാവം
ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ പങ്കു വയ്ക്കുന്നതിലടക്കം മുന്നണി ധാരണകൾ പാലിക്കാതെ സി.പി.എം വല്യേട്ടൻ മനോഭാവം പുലർത്തുന്നതായി പ്രതിനിധി ചർച്ചകളിൽ ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയ വിലയിരുത്തലിൽ താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തമെന്ന് നിർദേശമുണ്ടായെങ്കിലും മിക്ക മണ്ഡലം കമ്മിറ്റികളിലും കേഡർമാരുടെ എണ്ണം കുറവാണെന്നും പാർട്ടി ബ്രാഞ്ചുകളില്ലാത്ത വാർഡുകളുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |