ജനങ്ങൾക്ക് വേണ്ടി പോർമുഖം തുറന്ന തിരുവനന്തപരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിൻെറ ലക്ഷ്യം സിസ്റ്റത്തിന്റെ തെറ്റുതിരുത്തലാണ്. നാളെ ആർക്കും ഇങ്ങനെ സംസാരിക്കേണ്ടിവരരുത്. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സേവനം ലഭിക്കണം. ഡോ.ഹാരിസ് കേരളകൗമുദിയോട് നിലപാട് വ്യക്തമാക്കി.
യഥാർത്ഥപ്രശ്നം എന്താണ്?
വാസ്തവം മറച്ചുവച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് യാഥാർത്ഥ പ്രശ്നം. യൂറോളജിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന് ഡി.എം.ഇ ഉൾപ്പെടെ പറയുന്നു. ഇതാണ് മാറേണ്ടത്. മുടങ്ങിയെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് കൃത്യമായി അതിൽ ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലെങ്കിൽ യഥാർത്ഥ പ്രശ്നം അവിടെ നിലനിൽക്കും.പരിഹാരമുണ്ടാകില്ല. സത്യം അംഗീകരിക്കുമ്പോൾ തന്നെ പകുതി പരിഹാരമാകും.
എന്തുകൊണ്ടാണ് മറ്റു ഡോക്ടർമാർ പരാതി ഉന്നയിക്കാത്തത്?
ഭയമായിരിക്കും. സിസ്റ്റത്തെ എതിർത്താൽ സിസ്റ്റം മൊത്തം എതിരാകുന്ന സ്ഥിതിയാണല്ലോ, പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്.ലോകത്തിലെ മികച്ച സംവിധാനമാണ് കേരളത്തിലെ ആരോഗ്യമേഖല. അതിന് കളങ്കമാകുന്ന പോരായ്മകൾ തിരുത്തി മുന്നോട്ടുപോകണം.
വകുപ്പ് മേധാവികൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ ?
അത് എനിക്കും ഉത്തരംകിട്ടാത്ത ചോദ്യമാണ്. എന്റെ മേലധികാരി ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും ഡി.എം.ഇയുമാണ്. ഇവരോട് നേരിട്ടും കത്തിലൂടെയും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും കാര്യങ്ങൾ ബോധിപ്പിക്കാറുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കും അറിയില്ല.
അനുമതികൾ വൈകുന്നത് എന്തുകൊണ്ടാണ് ?
വകുപ്പ് മേധാവികളായ എന്നെപ്പോലുള്ളവർക്ക് അഡ്മിനിസ്ട്രേഷൻ പരിചയമില്ല.അതിനാൽ എവിടെ ഇത് കുരുങ്ങുന്നുവെന്ന് അറിയില്ല. ഭരണപരിചയം കുറവുള്ള ഞങ്ങൾ നൽകുന്ന കത്തുകൾ. നിയമപ്രശ്നങ്ങളില്ലാതെ മേൽത്തട്ടിലെത്തിച്ച് അനുമതി വാങ്ങിയെടുക്കാൻ നിരവധി ക്ലർക്കുമാരുൾപ്പെടെ ഉദ്യോഗസ്ഥരുണ്ട് . ഇക്കൂട്ടരാണ് ഇടപെടേണ്ടത്. ഉപകരണം ആവശ്യമായി വന്നാൽ അത് ലഭ്യമാക്കണം. നൂലാമാലകൾ രോഗി അറിയേണ്ടതല്ലല്ലോ.
ഉപകരണം വാങ്ങാൻ വകുപ്പ്മേധാവികൾ ഇറങ്ങേണ്ടതുണ്ടോ?
ഒ.പിയും ശസ്ത്രക്രിയയും ഉൾപ്പെടെയുള്ളവയ്ക്ക് 24മണിക്കൂർ തികയാത്ത സ്ഥിതിയാണ്. പലപ്പോഴും ഉച്ചഭക്ഷണം കഴിക്കുന്നത് വൈകിട്ട് ആറിന് വീട്ടിലെത്തിയ ശേഷമാകും. തിരക്കിനിടയിൽ ക്യാന്റീനിൽ പോകാൻ പോലും കഴിയാറില്ല. അതിനിടയിലാണ് ശസ്ത്രക്രിയ സാമഗ്രികൾക്ക് ഓഫീസുകൾ കയറി ഇറങ്ങേണ്ടിവരുന്നത്.
പരസ്യപ്രതികരണത്തിന് വിലകൊടുക്കേണ്ടി വരുമോ?
ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. ഇപ്പോഴില്ല. മന്ത്രിയുൾപ്പെടെ ഞാൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞല്ലോ, അതിനാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ മന്ത്രിയ്ക്ക് മുന്നിൽ വിഷയം എത്തിക്കാണില്ല. മാത്രമല്ല എനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കാൾ രോഗികളുടെ പ്രയാസമാണ് ഞാൻ മുന്നിൽ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |