ദുബായ്: സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്റെ ഈ വർഷത്തെ ആദ്യ അർദ്ധവാർഷിക ലക്ഷ്യം പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജൂലായ് ഒന്ന് മുതൽ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പരിശോധന ആരംഭിക്കും. നിയമം പാലിക്കാത്ത കമ്പനികൾക്ക് കനത്ത പിഴയും താഴ്ന്ന ഗ്രേഡിലേക്കുമുള്ള തരംതാഴ്ത്തലുമടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. സ്വകാര്യ മേഖലയിൽ എമിറാത്തി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിയമവുമായി യുഎഇ രംഗത്തെത്തിയത്.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധന ജൂലായ് ഒന്ന് മുതൽ ആരംഭിക്കും. നിയമനം ലഭിച്ച എമിറാത്തികളെ അംഗീകൃത പെൻഷൻ ഫണ്ടിലെ പ്രതിമാസ വിഹിതം സ്ഥാപനങ്ങൾ അടയ്ക്കുന്നുണ്ടോ എന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ പരിശോധിക്കും. 20 മുതൽ 49 ജീവനക്കാരുള്ള ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു എമിറാത്തിയെങ്കിലും നിയമിക്കണം.
യുഎഇ മുന്നോട്ടുവയ്ക്കുന്ന സ്വദേശിവത്കരണ നിയമം ലംഘിക്കുന്നത് ആവർത്തിച്ചാൽ മൂന്ന് ലക്ഷവും മൂന്നാമതും ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹവുമായിരിക്കും പിഴ. സ്വദേശിവത്കരണം മറികടക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന കമ്പനികളും ഉണ്ട്. ഇങ്ങനെ ചെയ്താലും സമാന ശിക്ഷയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമായ രേഖ സമർപ്പിക്കുക, നാഫിസ് ആനൂകൂല്യങ്ങൾ അർഹതയില്ലാതെ കൈപ്പറ്റുക, സ്വദേശിവത്കരണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നീ നിയമലംഘനങ്ങൾ നടത്തുന്ന കമ്പനികൾ സൂക്ഷിക്കുക. ഇവർക്ക് ആനൂകൂല്യങ്ങൾ നൽകുന്നത് ഉൾപ്പടെ നിർത്തിവയ്ക്കും.
കൂടാതെ അനർഹമായി നാഫിസിൽ നിന്ന് കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും. തൊഴിൽ നിയമത്തിന്റെ ഭാഗമായ പരിശീലനങ്ങളിൽ നിന്ന് തുടർച്ചയായി പത്ത് ദിവസമോ പലപ്പോഴായി 20 ദിവസമോ വിട്ടുനിൽക്കുന്നവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യും. 2022ൽ ആണ് യുഎഇയിൽ നാഫിസ് പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ പത്ത് ശതമാനം സ്വദേശികളെ നിയമിക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |