നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്യജീവി സംരക്ഷണനിയമം ലംഘിച്ച് വന്യജീവികളുമായി തായ്‌ലാൻഡിൽ നിന്നെത്തിയ ദമ്പതികൾ കസ്റ്രംസ് പിടിയിലായി. പത്തനംതിട്ട സ്വദേശികളായ ജോബ്‌സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരാണ് പിടിയിലായത്.
ഇന്നലെ തായ് എയർവേസ് വിമാനത്തിലെത്തിയ ദമ്പതികളുടെ ബാഗേജിൽനിന്ന് ആറ് വന്യജീവികളെയാണ് കണ്ടെത്തിയത്. തത്തയിനത്തിൽപ്പെട്ട നീലനിറത്തോടുകൂടിയ ഹയാസിദ് മക്കാവ് ഒരെണ്ണം, മൂന്ന് മർമോ സെറ്റ് കുരങ്ങുകൾ, വെള്ളുത്ത അധരമുള്ള രണ്ട് ടാമറിൻ കുരങ്ങുകൾ എന്നിവയാണ് ഉണ്ടായത്. സംശയംതോന്നി ബാഗേജ് പരിശോധിക്കുകയായിരുന്നു. പ്രത്യേകതരം പെട്ടിയിലാക്കിയാണ് ബാഗേജിൽ ഒളിപ്പിച്ചിരുന്നത്. പണത്തിനുവേണ്ടിയാണ് ഇവർ കാരിയർമാരായതെന്നും ഇവയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. മക്കാവിന് നല്ല വലിപ്പമുണ്ട്. കുരങ്ങുകൾ കുഞ്ഞൻമാരാണ്.
കൊച്ചി വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരാൾ അരികിലെത്തി വന്യജീവികളെ ഏറ്റുവാങ്ങുമെന്നാണ് ഇവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. പിടിയിലായവരേയും വന്യജീവികളേയും വനംവകുപ്പിന് കൈമാറി. വന്യജീവി കടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള വമ്പൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |