പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്നു പതിനെട്ടുകാരി വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിൽ പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോക്‌സോ കേസ്. അനാഥാലയം നടത്തിപ്പുകാരിയുടെ മകനാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. പതിനെട്ട് വയസ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിലായിരുന്നു വിവാഹം.
അനാഥാലയത്തിലെ പെൺകുട്ടിയെ മരുമകളാക്കാനുള്ള നടത്തിപ്പുകാരിയുടെ തീരുമാനത്തിന് വലിയ പ്രശംസയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയത്. അമ്മയും മകനും താര പരിവേഷമായിരുന്നു. തുടർന്ന് പല യൂട്യൂബ് ചാനലുകളും ഇവരുടെ അഭിമുഖമെടുത്തു. പോരാത്തതിന് ഇവർ യൂട്യൂബ് ചാനലും ആരംഭിച്ചു.
ഈ മാസം തുടക്കത്തിൽ യുവതി പ്രസവിച്ചു. ഒക്ടോബറിലായിരുന്നു വിവാഹം. എട്ടാം മാസത്തിലെ പ്രസവ വിശേഷങ്ങൾ ഇവർ യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. കുട്ടിയുടെ മുഖവും കാണിച്ചിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ ഭർതൃമാതാവ് വീണ്ടും വിവാഹിതയായി. മക്കളും മരുമക്കളും ചേർന്ന് വിവാഹം നടത്തിയത് വൈറലാകുകയും ചെയ്തു. ഇവരുടെ നിരവധി അഭിമുഖങ്ങളും വന്നു.
കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും മാസം തികയാതെയാണ് പ്രസവിച്ചതെന്നും കുടുംബം അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇവർ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. വീഡിയോയിൽ കുട്ടിയെ കണ്ടതോടെ പൂർണ വളർച്ചയെത്തിയിട്ടുണ്ടെന്നും, ഇല്ലെങ്കിൽ ഇത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യില്ലെന്നുമൊക്കെ അഭിപ്രായപ്പെട്ടുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
മാത്രമല്ല അനാഥാലയത്തിലെ മറ്റ് പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സോഷ്യൽ മീഡിയയിൽ നിന്നുയർന്നു. ഇതോടെ ശിശുക്ഷേമ സമിതിയും വിഷയം പരിശോധിച്ചു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നെന്നും പ്രായപൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇതെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. ഇതുകഴിഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹം. പൂർണവളർച്ചയെത്തിയ കുട്ടിയെയാണ് പ്രസവിച്ചതെന്ന് ഡോക്ടർ മൊഴി നൽകി. പതിനെട്ട് വയസ് തികയും മുമ്പാണ് പെൺകുട്ടി ഗർഭിണിയായതെന്ന സൂചന ലഭിച്ചു. ഇതോടെയാണ് പോക്‌സോ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |