കോട്ടയം: നീറ്റിന് പിന്നാലെ കേരളാ എൻട്രൻസിൽ ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി ഇരട്ടിമധുരം നുണയുകയാണ് കോട്ടയം ആർപ്പൂക്കര പുല്ലാട്ട് ഹൃഷികേശ് ആർ. ഷേണായ്. നീറ്റിന് ആൾ ഇന്ത്യ ലെവലിൽ 494-ാം റാങ്ക്. കേരളത്തിൽ നിന്ന് 11-ാം റാങ്കുകാരൻ. ഭുവനേശ്വർ എയിംസിൽ മെഡിസിന് ചേരാനുള്ള ഒരുക്കത്തിനിടെയാണ് ഫാർമസിയിലെ രണ്ടാം റാങ്ക്. ന്യൂറോ സർജനാവാണ് ഹൃഷികേശിന്റെ ആഗ്രഹം.
അച്ഛൻ ഡോ.പി.ജി.രഞ്ജിത് തിരുവല്ല താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യനാണ്. പത്താം ക്ളാസ് മുതലേ ഹൃഷികേശിന്റെ നോട്ടവും അച്ഛന്റെ സ്റ്റെതസ്കോപ്പിലായിരുന്നു. പ്ളസ് ടുവും എൻട്രൻസ് പരിശീലനവും മാന്നാനം കെ.ഇ സ്കൂളിലായിരുന്നു. രാവിലെ നാലിന് എഴുന്നേറ്റ് പഠിക്കും. ചോദ്യ പേപ്പറുകൾക്ക് ഉത്തരം തേടും. എട്ടിന് എൻട്രൻസ് പരിശീലനം. വീടെത്തിയാൽ അച്ഛന്റെ സഹായത്തോടെ വീണ്ടും പഠനം. ഇതിനിടെ യോഗയും ധ്യാനവുമുണ്ട്.
വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങളോടും ചങ്ങാത്തം. പ്ളസ്ടുവിന് 99.96 ശതമാനം മാർക്കോടെയാണ് പാസായത്. സിവിൽ എൻജിനിയറായ ജി.വിദ്യയാണ് അമ്മ. സഹോദരൻ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി കേദാർ നാഥ് ആർ. ഷേണായ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |