ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ ചൈന അവരുടെ ആയുധങ്ങളുടെ പരീക്ഷണത്തിനായി ഉപയോഗപ്പെടുത്തിയെന്ന് കരസേന ഉപമേധാവി ലെഫ്. ജനറൽ രാഹുൽ സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ യഥാർത്ഥ എതിരാളിയായ പാകിസ്ഥാനൊപ്പം അവർക്ക് ആയുധങ്ങൾ നൽകിയ ചൈനയും തുർക്കിയും പരോക്ഷമായി രംഗത്തുണ്ടായിരുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് സാധ്യമായ എല്ലാ പിന്തുണയും ചൈന നൽകിയിരുന്നു. ഇന്ത്യയെ വേദനിപ്പിക്കാൻ ചൈന പാകിസ്ഥാനെ ഉപയോഗിച്ചു. തങ്ങൾ നൽകിയ ആയുധ സംവിധാനങ്ങൾ പരീക്ഷിക്കാൻ ലഭ്യമായ ഒരു 'ലൈവ് ലാബ്' പോലെയാണ് ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ അവർ ഉപയോഗിച്ചത്. 'കടം വാങ്ങിയ കത്തി ഉപയോഗിച്ച് എതിരാളിയെ കൊല്ലുക' എന്നത് ചൈനയുടെ പണ്ടേയുള്ള തന്ത്രമാണ്.
പാകിസ്ഥാന്റെ 81% പ്രതിരോധ സാമഗ്രികളും ചൈനയിൽ നിന്നായതിനാൽ, അതിൽ അതിശയിക്കാനില്ല.
പാകിസ്ഥാന് സൈനിക സാമഗ്രികൾ വിതരണം ചെയ്യുന്ന തുർക്കിയെയും ഇന്ത്യയ്‌ക്ക് നേരിടേണ്ടി വന്നു. ഈ ത്രികക്ഷി ബന്ധം ഇന്ത്യയ്‌ക്ക് പുതിയ വെല്ലുവിളിയാണ്. ഒരു അതിർത്തിയും മൂന്ന് എതിരാളികളുമാണിപ്പോൾ. അതടക്കം നിരവധി പാഠങ്ങൾ ഓപ്പറേഷൻ സിന്ദൂർ നൽകി.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ 21 ലക്ഷ്യങ്ങൾ നോക്കി വച്ചിരുന്നുവെന്നും അക്രമിച്ച 9 ലക്ഷ്യങ്ങൾ നിശ്ചയിച്ചത് അവസാനമാണെന്നും ലെഫ്. ജനറൽ രാഹുൽ സിംഗ് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |