തിരുവനന്തപുരം: കേരളത്തിൽ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കാൻ കാരണം ശ്രീനാരായണ ഗുരുവാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ശ്രീനാരായണഗുരു ഉഴുതിട്ട നിലത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിത്ത് വിതച്ചത്. പ്രമുഖ പണ്ഡിതനും വിവർത്തകനുമായ പ്രൊഫ.ഡി.തങ്കപ്പൻ നായർക്ക് കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിനെക്കുറിച്ച് സംസാരിക്കുന്നവരിൽ പലർക്കും അദ്ദേഹം മറ്റ് സാമൂഹ്യ പരിഷ്‌കർത്താക്കളിൽ നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെയെന്ന് അറിയില്ല. സനാതന ധർമ്മത്തിന്റെ ആണിക്കല്ലുകളായ അഹം ബ്രഹ്മാസ്മി, തത്വമസി, അയം ആത്മ ബ്രഹ്മ എന്നീ ദർശനങ്ങൾ പഠിപ്പില്ലാത്തവരെ പഠിപ്പിച്ച മഹാത്മാവാണ് ഗുരു. കണ്ണാടി പ്രതിഷ്ഠിച്ച് അതിൽ നോക്കി തൊഴാൻ ഗുരു പറഞ്ഞു .അഹം ബ്രഹ്മാസ്മി എന്ന ദർശനം സാധാരണക്കാരെ ഇതിലും ലളിതമായി പഠിപ്പിക്കാനാവില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഹിന്ദി പ്രചാരസഭ ഹാളിൽ നടന്ന ചടങ്ങ് രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് ഉദ്ഘാടനം ചെയ്തു. ഡി.തങ്കപ്പൻ നായർ ഹിന്ദിയിൽ രചിച്ച 'ശ്രീനാരായണ ഗുരുചരിത മഹാകാവ്യം' ശ്രീകുമാരൻ തമ്പി ഹിന്ദിപ്രചാരസഭ സെക്രട്ടറി ബി.മധുവിന് നൽകി പ്രകാശനം ചെയ്തു. ഹിന്ദി പ്രചാരസഭ അദ്ധ്യക്ഷൻ എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്‌ഠ പ്രചാരകരെ മുൻ സ്പീക്കർ എം.വിജയകുമാർ ആദരിച്ചു. ഡി.തങ്കപ്പൻ നായർ മറുപടി പ്രസംഗം നടത്തി.റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു.ബി.മധു സ്വാഗതവും ഹിന്ദി പ്രചാരസഭ ഖജാൻജി സി.ജി സദാനന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |