സാമ്പത്തിക മേഖലയിലെ വലിയ ചതിക്കുഴിയാണ് ക്രിപ്റ്റോ കറൻസി. ഏതാനും രാജ്യങ്ങൾ അംഗീകരിച്ചതും ഡാർക്ക്നെറ്റ് പോലുള്ള അധോലോക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണിത്. ഇതിന് പ്രിന്റഡ് രൂപമില്ല. ഡിജിറ്റൽ സംവിധാനം മാത്രമാണുള്ളത്. രണ്ടു കക്ഷികൾ തമ്മിൽ പണമിടപാടുകൾ നടത്തുമ്പോൾ ഇടനിലക്കാരായി നിയമാനുസൃതമായ ബാങ്കിന്റെ ആവശ്യം ഇതിനില്ല. എന്നാൽ, തങ്ങളുടെ പക്കൽ പണമുണ്ടെന്ന് കാണിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. കള്ളപ്പണം വെളുപ്പിക്കാനും കഴിയും. ഇന്ത്യയിൽ ഇതിന് നിരോധനമോ വിലക്കോ നിലവിലില്ല.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആധികാരികമായി പുറത്തിറക്കുന്ന കറൻസിയാണ് ഇന്ത്യൻ രൂപ. ഓരോ നോട്ടിനും നിയതമായ രൂപവും മൂല്യവുമുണ്ട്. എന്നാൽ, ക്രിപ്‌റ്റോ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികൾക്ക് നിയതമായ രൂപമില്ല. ഡാറ്റാ എൻക്രിപ്‌ഷൻ എന്നാണ് ക്രിപ്‌റ്റോയുടെ അർത്ഥം. കോഡസ് സ്‌ട്രിംഗ് എന്നും പറയാറുണ്ട്. ബ്ളോക്ക് ചെയിൻ എന്നറിയപ്പെടുന്ന പിയർ ടു പിയർ ശൃംഖലകളാണ് ക്രിപ്‌റ്റോ ഇടപാടുകൾ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്. എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രിപ്‌റ്റോയെ കറൻസിയായും അക്കൗണ്ടിംഗ് സംവിധാനമായും പ്രവർത്തിപ്പിക്കും. ലോകത്ത് എവിടെനിന്നും ആർക്കും കൈമാറ്റം ചെയ്യുന്നതിനും സാധിക്കും.
അമേരിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ക്രിപ്‌റ്റോ കറൻസി നിയമപരമാണ്. മണി എക്‌സ്ചേഞ്ചുകൾ വഴി നടത്തുന്ന ഇടപാടുകൾക്കാണ് അംഗീകാരം. ഇന്ത്യ ഉൾപ്പെടെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ക്രിപ്‌റ്റോയെ അംഗീകരിച്ചിട്ടില്ല.
ഡാർക്ക്നെറ്റ് വഴിയുള്ള നിയമവിരുദ്ധ, അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വ്യാപകമായി ഉപയോഗിക്കുന്നത് ക്രിപ്‌റ്റോ കറൻസിയാണ്. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തകർത്ത 'കെറ്റാമെലോൺ" എന്ന ഡാർക്ക്നെറ്റിൽ മയക്കുമരുന്ന് വ്യാപാരത്തിന് മൂവാറ്റുപുഴ സ്വദേശി എഡിസൺ ഉപയോഗിച്ചതും ക്രിപ്‌റ്റോ കറൻസിയാണ്.
ക്രിപ്‌റ്റോ ഇടപാട്
നമ്മുടെ നാട്ടിലെ മണി എക്‌സ്ചേഞ്ചുകൾ പോലെ വിദേശങ്ങളിൽ അംഗീകൃത ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകളുണ്ട്. രൂപ നൽകി ഡോളർ വാങ്ങുന്നതുപോലെ അംഗീകൃത കറൻസി നൽകി ക്രിപ്‌റ്റോ കറൻസി വാങ്ങാൻ കഴിയും. വാങ്ങുന്ന മൂല്യത്തിനുള്ള ക്രിപ്‌റ്റോ കറൻസി ഡിജിറ്റൽ വാലറ്റിലേക്ക് മാറ്റും. ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കുന്ന ക്രിപ്‌റ്റോ സേവനങ്ങൾക്കോ വാങ്ങലുകൾക്കോ വിനിയോഗിക്കാം. മറിച്ചുവിൽക്കാനും കഴിയും.
ഇന്ത്യയിൽ ഉപയോഗിക്കുന്നത് ?
അധോലോകമാണ് ഇന്ത്യയിൽ ക്രിപ്‌റ്റോ ഉപയോഗിക്കുന്നത്. മണി എക്‌സ്ചേഞ്ചിൽ ഇന്ത്യൻ രൂപ കൊടുത്ത് ഡോളർ വാങ്ങുന്നതുപോലെ ക്രിപ്റ്റോ കറൻസി ലഭ്യമാക്കുന്ന സംഘങ്ങൾ രാജ്യത്തുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളും സൈബർ സുരക്ഷ വിദഗ്ദ്ധരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപ നൽകി ക്രിപ്‌റ്റോ കറൻസിയാക്കുന്നതാണ് പതിവ്. ഇന്ത്യയിൽ നൽകുന്ന രൂപ ഹവാല മാർഗങ്ങളിൽ വിദേശത്ത് എത്തിച്ചാണ് ക്രിപ്‌റ്റോ കറൻസിയായി മാറ്റുക. ഇതുപയോഗിച്ച് വിദേശത്തുൾപ്പെടെ നടത്തുന്ന ഇടപാടുകളിലെ ലാഭവും ഡിജിറ്റൽ വാലറ്റിൽ കൂട്ടിച്ചേർക്കും. ക്രിപ്‌റ്റോ അംഗീകരിച്ച രാജ്യങ്ങൾ വഴിയാണ് ഇത് നടപ്പിലാക്കുക. അവിടെയുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരുകളിൽ ബാങ്ക് വഴി ഇത് ഇന്ത്യയിലെത്തിക്കാനും കഴിയും. വിദേശത്തെ ഹവാല ഏജന്റിന് കൈമാറിയാൽ മൂല്യമനുസരിച്ച് ഇന്ത്യയിൽ പണമായി നൽകുന്ന റാക്കറ്റ് സജീവമാണ്.
നിരവധിപേരുടെ പേരിൽ ഇന്ത്യയിൽ വാങ്ങിക്കൂട്ടിയ ക്രിപ്‌റ്റോ കറൻസി ഗൾഫിൽ വിറ്റഴിച്ച് പ്രവാസികളുടെ അക്കൗണ്ടുകൾ വഴി നൂറുകോടി രൂപ കടത്തിയ സംഘത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് കോഴിക്കോട്ട് പിടികൂടിയിരുന്നു.
പ്രമുഖ ക്രിപ്‌റ്റോ കറൻസികൾ
ബിറ്റ്കോയിൻ, ഇഥേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, ഡോജ് കോയിൻ, ഷിബാ, യുണിസ്വാപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |