കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ട്രാൻസ്ജെൻഡറെ വിവാഹ വാഗ്ദാനം നൽകി ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് പ്രേരിപ്പിച്ച ശേഷം കാലുമാറിയ യുവതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് അടുത്തുകൂടിയ യുവതിയുടെ വാക്ക് വിശ്വസിച്ച് പുരുഷനായി മാറിയ ട്രാൻസ്ജെൻഡറുടെ പരാതിയിലാണ് നടപടി. സഹോദരിയുടെയും പിതാവിന്റെയും സഹായത്തോടെ യുവതി പലപ്പോഴായി 20 ലക്ഷം രൂപ അടിച്ചുമാറ്റുകയും 11 പവൻ സ്വർണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തതായും പരാതിയിലുണ്ട്.
എറണാകുളത്ത് താമസിക്കുന്ന തൃശൂർ മേലൂർ സ്വദേശിയായ ട്രാൻസ്ജെൻഡറാണ് തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിയായ യുവതിയുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയത്. 22കാരിയായ യുവതിയും 26 വയസുള്ള ട്രാൻസ്ജെൻഡറും ഇൻസ്റ്റഗ്രാമിലൂടെയാണ് 2024 ഏപ്രിലിൽ സൗഹൃദത്തിലാകുന്നത്. ഇരുവരും കൂടുതൽ അടുത്തതോടെ, പുരുഷനായി മാറിയാൽ വിവാഹം കഴിക്കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. തുടർന്നാണ് ലക്ഷങ്ങൾ ചെലവാക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ഇതിനുശേഷം യുവതി ട്രാൻസ്ജെൻഡറുടെ എറണാകുളത്തെ അപ്പാർട്ട്‌മെന്റിൽ ഇടയ്‌ക്കിടെ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. വിവാഹശേഷം യുവതിയുടെ അപ്പച്ചിയുടെ പേരിലുള്ള തിരുവനന്തപുരത്തെ കുടുംബവീട് ട്രാൻസ്ജെൻഡറുടെ പേരിൽ എഴുതിവയ്‌ക്കുമെന്ന ഉറപ്പ് വിശ്വസിച്ച് 9 ലക്ഷത്തോളം രൂപയും അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപയും കൈമാറി. യുവതിയുടെ സഹോദരി ചിട്ടിക്ക് ചേർന്ന വകയിൽ മാസത്തവണ അടയ്ക്കാൻ 2,30,000 ഉൾപ്പെടെയാണ് 20 ലക്ഷം കൈപ്പറ്റിയത്. ഏറ്റവുമൊടുവിൽ അപ്പാർട്ട്മെന്റിൽ നിന്ന് മടങ്ങുമ്പോൾ 11 പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് യുവതി പോയത്. കേസിൽ സഹോദരിയെയും പിതാവിനെയും എറണാകുളം നോർത്ത് പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |