ചെെനീസ് പുരാണങ്ങളിലും നാടോടിക്കഥകളിലും പറയപ്പെടുന്ന ഒരു ജീവിയാണ് ചെെനീസ് ഡ്രാഗൺ അഥവാ വ്യാളി. ഇതിന് പല മാന്ത്രിക കഴിവുകളുമുള്ളതായി ചെെനീസ് ജനത വിശ്വസിക്കുന്നു. പാമ്പിനെപ്പോലുള്ള ശരീരം, നാല് കാൽ, മുഖം ഡ്രാഗണെ പോലെ എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഇവയെ ദെെവമായി കാണുന്നവരും ഉണ്ട്. വവ്വാലുകളുടേത് പോലെ ചിറകുകളും ഇവയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.
പ്രതീകം
ചെെനയിലെ രാജാക്കന്മാരുമായി ബന്ധപ്പെടുത്തിയാണ് ഡ്രാഗൺ കഥകൾ പ്രചരിക്കുന്നത്. സാമ്രാജ്യത്വ ശക്തിയുടെ പ്രതീകമായി വ്യാളിയെ കാണുന്നു. ചക്രവർത്തിമാർ ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാളി രൂപം വരച്ച വസ്ത്രം സമ്മാനമായി നൽകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പല പാശ്ചാത്യരാജ്യങ്ങളും ചെെനയുടെ പ്രതീകമായി വ്യാളിയുടെ ചിത്രം ഉപയോഗിക്കുന്നു. പുരാത ചെെനക്കാർ വ്യാളിയെ ദെെവമായി ചിത്രീകരിച്ച് ആരാധിച്ചിരുന്നു. വെള്ളച്ചാട്ടങ്ങൾ, നദി, കടൽ തുടങ്ങിയ ജലാശയങ്ങളുടെ അധിപന്മാരാണ് ഇവയെന്ന് വിശ്വസിക്കപ്പെടുന്നു. ശക്തിയുടെയും വിവേകത്തിന്റെയും കൂടി പ്രതീകമാണ് ഇവ. എന്നാൽ ഡ്രാഗൺ ശരിക്കും ഭൂമിയിൽ ജീവിച്ചിരുന്നോ? ഇവയെകുറിച്ചുള്ള ചില ശാസ്ത്രീയ തെളിവുകൾ പരിശോധിക്കാം.
നിർണായകമായത് ഫോസിൽ
പലരും നേരിൽ ഇതുവരെ ഡ്രാഗണെ കണ്ടിട്ടില്ല. പണ്ട് പല രാജാക്കന്മാരും ഡ്രാഗണിനെ വളർത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും അതിനും തെളിവില്ല. അങ്ങനെയിരിക്കെ 2003ൽ ചെെനയിലെ ഗുയ്‌ഷോ പ്രവിശ്യയിൽ നിന്ന് 240 വർഷം പഴക്കമുള്ള ഒരു ഫോസിൽ കണ്ടെത്തി. ഇതിന് 16 അടി നീളമുള്ള നീണ്ട കഴുത്തും അവയവങ്ങളും ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ഇവയ്ക്ക് ഡ്രാഗൺട്ടെ രൂപമാണെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു.
ഇതോടെ ഡ്രാഗണുകൾ ഒരു കെട്ടുകഥയല്ലെന്ന വിശ്വാസം പ്രചരിക്കാൻ തുടങ്ങി. സ്‌കോട്ട്ലൻഡിലെ നാഷണൽ മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ ഈ ഫോസിലിന്റെ പൂർണമായ ശരീര മാതൃത സൃഷ്ടിച്ചു. ഫോസിൽ ട്രായാസിക് കാലഘട്ടത്തിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്. ഡെെനോഡെഫാലോസോറസ് വിഭാഗത്തിലെ ഈ ഫോസിൽ ചെെനീസ് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഡ്രാഗണിനോട് സാദൃശ്യം പുലർത്തുന്നതായി ഗവേഷണ സംഘത്തിലെ ഡോ. നിക്ക് ഫ്രേസർ പറഞ്ഞു.
ഫോസിലിന്റെ പ്രത്യേകത
32 കശേരുക്കളുള്ള വളരെ നീണ്ട കഴുത്താണ് ഈ ഫോസിലിന്റെ പ്രധാന പ്രത്യേകത. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമുള്ള കഴുത്തുള്ള സമുദ്ര ഉരഗമാണിത്. ഇത്രയും നീളമുള്ളതും വഴക്കമുള്ളതുമായ കഴുത്ത് ഇരയെ ഒളിഞ്ഞുപിടിക്കാൻ സഹായിച്ചിരിക്കാമെന്നാണ് ഗവേഷകർ കരുതുന്നത്. ചെെനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടിബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയന്ത്രോപോളജിയിൽ ഈ ഫോസിൽ കൂടുതൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കണ്ടെത്തൽ സമുദ്ര ഉരഗങ്ങളുടെ പരിണാമത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും.
കൂടാതെ ഫോസിലിന്റെ ആമാശയത്തിൽ നിന്നും കണ്ടെത്തിയ മത്സ്യത്തിന്റെ സാന്നിദ്ധ്യം ഡെെനോസെഫാലോസോറസിന്റെ സമുദ്രങ്ങളിലെ ജീവിതത്തെക്കുറിച്ചുള്ള മുൻ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഫോസിലിൽ നടത്തിയ പഠനത്തിൽ ഇവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നതായി കണ്ടെത്തി.
ഉരഗങ്ങൾക്കിടയിൽ അത് വളരെ അപൂർവമാണെന്നും ഗവേഷകർ പറയുന്നു. ചെെന, ജർമ്മനി, സ്കോട്ട്ലൻഡ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിലും സ്കോട്ട്ലൻഡിലെ നാഷണൽ മ്യൂസിയങ്ങളിലും ഇതിന്റെ മാതൃകകൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് ചെെനയിലെ ഡ്രാഗണുകളുടെ സൂചനയായി കാണുന്നു. ഇന്നും ചെെനയിലെ ജനത ഡ്രാഗണുകളിലും വിശ്വസിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |