ആലുവ: ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം 22 ചക്രത്തിന്റെ സിമന്റ് ബൾക്കർ ട്രെയിലർ നിയന്ത്രണം തെറ്റി 20 അടിയോളം താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ നാല് മണിയോടെ മെട്രോ പില്ലർ 75ന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക്
സിമന്റുമായി പോവുകയായിരുന്ന സിമന്റ് ബൾക്കർ ട്രെയിലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഭാഗത്ത് ദേശീയപാതയ്ക്ക് സമാന്തരമായി 30 അടി മാറി റെയിൽവേ ട്രാക്കും കടന്നുപോകുന്നുണ്ട്. ഇതിനിടയിലൂടെ വരുന്ന കാനയിലെ വെള്ളം ദേശീയപാതയ്ക്ക് അടിയിലൂടെയാണ് ഒഴുകിപോകുന്നത്. ഈ കലുങ്കിന്റെ ചെറിയ കൈവരി തകർത്താണ് ലോറി തലകീഴായി മറിഞ്ഞത്.
നാഗലാന്റ് രജിസ്ട്രേഷനിലുള്ളതാണ് ട്രെയിലർ. വലിയ ശബ്ദംകേട്ട് സമീപവാസികളെത്തി ടോർച്ച് പരിശോധിച്ചപ്പോഴാണ് കാനയിൽ വീണ ട്രെയിലർ കണ്ടത്.
അപകടത്തെ തുടർന്ന് നിരവധി സ്വകാര്യ കമ്പനികളുടെ കേബിളുകൾ മുറിഞ്ഞിട്ടുണ്ട്. കുടിവെള്ള പൈപ്പുകളും പൊട്ടിയിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപ്പണി ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെയായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ല
വള്ളിപ്പടർപ്പുകളും മറ്റും നിറഞ്ഞ ഭാഗമായതിനാൽ ലോറി മറിഞ്ഞുകിടക്കുന്നത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആർ.എം.സി റെഡിമിക്സ് യൂണിറ്റിലേക്ക് ഗോഡൗണിൽ നിന്ന് സിമന്റ് കൊണ്ടുപോകുകയായിരുന്നു. രണ്ട് ക്രെയിനുകളുടെ സഹായം ഉണ്ടെങ്കിലേ ട്രെയിലർ ഉയർത്താനാകൂ. ദേശീയപാതയിലെ വാഹനത്തിരക്ക് പരിഗണിച്ച് രാത്രിയിലെ മറിഞ്ഞ ട്രെയിലർ ഉയർത്തൂവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |