പാലക്കാട്: ശിലാസ്ഥാപനം നടത്തി എട്ട് വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്ത അകത്തേത്തറ റെയിൽവേ മേൽപ്പാലം പണികൾ ഇനിയും അനന്തമായി നീളുന്നത് തടയാൻ ഫലപ്രദമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നിർമ്മാണം കാരണമുള്ള യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും പൂർത്തിയാക്കാനുള്ള പണികൾ പരിശോധിച്ച് എത്രസമയം വേണ്ടിവരുമെന്ന് വ്യക്തത വരുത്തണം.
കളക്ടർ അവലോകന യോഗം വിളിക്കണം
റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയറും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ സീനിയർ എൻജിനീയറും നിർമ്മാണ സ്ഥലത്ത് സംയുക്ത പരിശോധന നടത്തണം. പരിശോധനാ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ റെയിൽവേ ഡപ്യൂട്ടി സി.ഇയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡിയും കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. മേൽപ്പാല നിർമ്മാണത്തിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ ജില്ലാ കളക്ടർ അവലോകനയോഗം വിളിച്ചു ചേർക്കണം. അവലോകന യോഗത്തിൽ പങ്കെടുക്കാൻ അകത്തെതറ നടക്കാവ് മേൽപ്പാലം ജനകീയ സമിതി കൺവീനർക്ക് നോട്ടീസ് നൽകണം. അവർക്ക് പറയാനുള്ളത് കൂടികേൾക്കണം. യോഗത്തിന്റെ റിപ്പോർട്ട് ആറാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിക്കണം. സെപ്തംബർ 24ന് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും ജില്ലാ കളക്ടറുടെയും പ്രതിനിധികൾ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദ്ദേശിച്ചു. റെയിൽവെക്കൊപ്പം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും പാലത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണെന്ന് ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കമ്മിഷനെ അറിയിച്ചു. എന്നാൽ രണ്ടു സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നും കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരാതിക്കാരനായ ജനകീയ സമിതി കൺവീനർ വിപിൻ തേങ്കുറിശി കമ്മിഷനെ അറിയിച്ചു. നിർമ്മാണ ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. നടക്കാവ് റെയിൽവേ ഗേറ്റ് തുടരെത്തുടരെ അടയ്ക്കുന്നത് കാരണമുള്ള യാത്രാക്ലേശം ഒഴിക്കാവാനായി 2017ൽ ആണ് റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് 2021ൽ നിർമ്മാണോദ്ഘാടനം നടത്തുമ്പോൾ ഒരു വർഷത്തിനുല്ള പാലം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നായിരുന്നു ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |