ന്യൂയോർക്ക് : സാധാരണ നമ്മുടെ പരിസരത്തൊക്കെ പഴുതാരകളുടെ കാണാം. ലോകത്തെല്ലായിടത്തും ഇവ സർവസാധാരണമാണ്. എന്നാൽ 17 ഇഞ്ച് നീളമുള്ള പഴുതാരയെ കണ്ടിട്ടുണ്ടോ. ഏകദേശം മനുഷ്യന്റെ കൈത്തണ്ടയോളം വലിപ്പമുള്ള പഴുതാര. ! ഞെട്ടേണ്ട. 'സ്കോലോപെൻഡ്ര ജൈജാന്റിയേ' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പഴുതാരയായ ഇത് ഭാഗ്യത്തിന് നമ്മുടെ നാട്ടിലില്ല.
തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് ഈ ഭീമനുള്ളത്. ഇരുണ്ട ഗുഹകളിലും മറ്റും വസിക്കുന്ന ഇക്കൂട്ടർ ആമസോണിയൻ ജയന്റ് സെന്റീപീഡ്, പെറുവിയൻ ജയന്റ് യെല്ലോ ലെഗ് സെന്റീപീഡ് തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. ബ്രസീൽ, വെനസ്വേല, ട്രിനിഡാഡ് തുടങ്ങിയ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഇവയുടെ തലയിലുള്ള കൂർത്ത രണ്ട് കാലുകളാണ് ഇരപിടിയ്‌ക്കാൻ സഹായിക്കുന്നത്. തങ്ങൾക്ക് കൊല്ലാൻ കഴിയുന്ന ഏത് ജീവിയെയും ഈ ഭീമൻ പഴുതാര അകത്താക്കും. ! ഷഡ്പദങ്ങൾ, വലിയ എട്ടുകാലികൾ, ചീവീട്, എലി, പല്ലി, തവള, ചെറിയ പക്ഷികൾ, വവ്വാൽ തുടങ്ങി വേണ്ടിവന്നാൽ, പാമ്പിനെ വരെ ഈ വിരുതൻമാർ അകത്താക്കും. കാഴ്‌ച ശക്തി കുറവാണെങ്കിലും പ്രത്യേക സ്‌പർശിനികളുടെ സാന്നിദ്ധ്യം ഇരപിടിത്തം എളുപ്പമാക്കുന്നു. ഇവയിലെ മാരക വിഷം ഏൽക്കുന്നതോടെ ഇരയുടെ ജീവൻ നഷ്‌ടമാകുന്നു. എന്നാൽ ഈ വിഷം മനുഷ്യർക്ക് അത്ര അപകടകാരിയല്ല. എങ്കിലും കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാം. ചെറു ജീവികളുടെ ഹൃദയം പ്രവർത്തനരഹിതമാക്കാൻ ഈ വിഷത്തിന് കഴിയും. ഗുഹകളിലെത്തുന്ന വവ്വാലുകളെ പറക്കുന്നതിനിടെയിൽ വേട്ടയാടാൻ കഴിവുള്ള ഇക്കൂട്ടർക്ക് തങ്ങളെ ജീവനോടെ ഒരു പാമ്പ് വിഴുങ്ങുകയാണെങ്കിൽ അകത്ത് നിന്നും പാമ്പിന്റെ ആന്തരികാവയവങ്ങൾ കാർന്ന് തിന്ന് അതിന്റെ കഥ കഴിക്കാനുള്ള ശേഷിയുമുണ്ട്. പാമ്പ് മാത്രമല്ല, മനുഷ്യനുൾപ്പെടെ ഏത് ജീവിയുടെ ഉള്ളിലാണോ ഈ പഴുതാര ജീവനോടെ എത്തുന്നത്, ആ ജീവിയുടെ ജീവൻ അപകടത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |