കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചിക നേരിട്ട ക്രൂരതകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിപഞ്ചികയുടെ ഡയറിക്കുറിപ്പുകളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
'ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും. ഒരേസമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും. ആ പെണ്ണിന്റെ ഭർത്താവിന് കാര്യങ്ങളറിയാം. ഒരു തവണ നിതീഷിനെ വിളിച്ച് അയാൾ ചീത്ത പറഞ്ഞിട്ടുണ്ട്. വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്. കാണാൻ പാടില്ലാത്ത വീഡിയോകൾ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് സംസാരിക്കും. സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല. എന്റെ ലോക്കറിന്റെ താക്കോൽ നിതീഷിന്റെ അച്ഛന്റെ കയ്യിലായിരുന്നു. അത് ഞാൻ വാങ്ങിയതും വലിയ പ്രശ്‌നമായി.
എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കും അറിയാം. അമ്മായിയച്ഛൻ എന്നോട് മോശമായി പെരുമാറിയിട്ടും നിതീഷ് ഒന്നും പ്രതികരിച്ചില്ല. പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്കുകൂടി വേണ്ടിയാണ് എന്ന് പറഞ്ഞു. നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി'- എന്നിങ്ങനെയാണ് വിപഞ്ചികയുടെ ഡയറിക്കുറിപ്പിലുള്ളത്.
കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യ കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും ഏകമകൾ വിപഞ്ചികയും (32) ഒന്നേകാൽ വയസുള്ള മകൾ വൈഭവിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ സമയം രാത്രി പത്തോടെയാണ് ഇരുവരെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്.
രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പറയുന്നെങ്കിലും വിശ്വസനീയമല്ലെന്നാണ് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാർജയിലെ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |