തിരുവനന്തപുരം: 2026ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അധികാരം നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 21000 വാർഡുകളിൽ മത്സരിക്കും. 25% വോട്ട് നേടും. 15വർഷമായി പലതവണ കേരളത്തിൽ വന്ന് ഇവിടത്തെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ട്. തെലുങ്കാനയും കർണാടകവും ബി.ജെ.പി നേടി, തമിഴ്നാട്ടിലും കേരളത്തിലും കരുത്ത് തെളിയിക്കും.ഉത്തരേന്ത്യൻ പാർട്ടിയെന്ന് പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയാവും അത്. പുത്തരിക്കണ്ടത്ത് ബി.ജെ.പി വാർഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതത്തിനായി നരേന്ദ്രമോദി മുന്നോട്ടുവച്ചത് അഴിമതി വിരുദ്ധവും വിവേചനം ഇല്ലാത്തതുമായ ഭരണമാണ്.കേരളത്തിലും അത് നടപ്പാക്കും. അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ അളിയൻമാരാണ്. കരുവന്നൂർതട്ടിപ്പ്,എക്സാലോജിക്,ലൈഫ് മിഷൻ,പി.പി.ഇ കിറ്റ് എന്നിങ്ങനെ നൂറുകണക്കിന് അഴിമതിയുടെ പട്ടികയുണ്ട്. ഇടതുസർക്കാർ സ്‌പോൺസർ ചെയ്ത ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണ്ണക്കള്ളക്കടത്ത്. കോൺഗ്രസ് ഭരണകാലത്താണ് ബാർകോഴയും സോളാർതട്ടിപ്പും പാലാരിവട്ടം പാലം അഴിമതിയും ഉൾപ്പെടെ നടന്നത്. ഇരുകൂട്ടരും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു. 11 വർഷമായി മോദി സർക്കാർ അധികാരത്തിലുണ്ട്. അഴിമതിയുടെ ചെറുകഥ പോലും കേട്ടില്ല.
ഭാരതത്തെ ഉയർത്തി
ലോകരാജ്യങ്ങൾക്കു മുന്നിൽ ഭാരതത്തിന്റെ പേര് മോദി ഉയർത്തി. വികസന നയത്തിലൂടെ വികസിത കേരളവും സൃഷ്ടിക്കും. സി.പി.എമ്മിന് വികസനമെന്നാൽ അവരുടെ കേഡർമാരുടെ വികസനമാണ്. ബി.ജെ.പിക്ക് നാടിന്റെ പുരോഗതിയാണ് പ്രധാനം. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് കൊണ്ട് മറുപടി നൽകി. പെഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരവാദികളുടെ വീട്ടിലെത്തി മറുപടി നൽകി- അമിത് ഷാ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |