ആലപ്പുഴ : ബി.എസ്.എൻ.എല്ലിൽ നിന്ന് ലീവെടുത്ത് നിൽക്കവേ മത്സ്യകൃഷിക്കിറങ്ങിയ എൻജിനിയർ ആ മേഖലയിൽ വഴികാട്ടിയാവുന്നു. മികച്ച മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. തൃക്കുന്നപ്പുഴ സ്വദേശി വി.ശശികുമാറാണ് ഈ നേട്ടത്തിന് ഉടമയായത്. മന്ത്രി സജി ചെറിയാനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാനായ സന്തോഷത്തിലാണ് ശശികുമാർ.
വിരമിക്കാൻ ആറുമാസമുള്ളപ്പോഴാണ് മാനസികോല്ലാസത്തിനായി മത്സ്യക്കൃഷിയിലേക്ക് വന്നത്. വർഷം 12ലക്ഷത്തോളം രൂപ വിറ്റുവരവുണ്ട്. അതിൽ ലാഭം എത്രയെന്ന് ചോദിച്ചാൽ ശശികുമാർ പറയും 'ലാഭമല്ല, സന്തോഷമാണ് പ്രധാന"മെന്ന്. 13 വർഷം മുമ്പാണ് മൈത്രി ഫാമിന്റെ തുടക്കം.
ഇന്റർനെറ്റിന്റെ തുടക്കകാലത്ത് കേരളത്തിൽ ഡാറ്റ കണക്ഷൻ നെറ്റ് വർക്ക് വ്യാപകമാക്കാൻ ബി.എസ്.എൻ.എല്ലിന് നേതൃത്വം നൽകിയ സംഘത്തിലെ അംഗമായിരുന്നു ശശികുമാർ.
തനിക്കും സഹോദരിക്കും കുടുംബസ്വത്തായി ലഭിച്ച കാർത്തികപ്പള്ളി മഹാദേവികാടുള്ള 5ഏക്കർ ജലാശയത്തിലാണ് മത്സ്യക്കൃഷി. ജലാശയത്തോട് ചേർന്നുള്ള ഭൂമിയിൽ ആക്രിസാധനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വീടും പണികഴിപ്പിച്ചു. ഇവിടെയാണ് താമസം.തിരുവനന്തപുരത്ത് വീടുണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കലേ അവിടേക്ക് പോവുകയുള്ളൂ. ഭാര്യ: ഹേമ (റിട്ട കെൽട്രോൺ അക്കൗണ്ടന്റ്). മകൻ:ചന്തു (മണിപ്പാൽ യൂണിവേഴ്സിറ്റി).
പൂമീനിൽ തുടക്കം
പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് തുടക്കം. പിന്നീട് കാരക്കൊഞ്ച്, ഞണ്ട്, കരിമീൻ എന്നിങ്ങനെ കൃഷി നീണ്ടു. 5ഏക്കറിൽ നാല് കുളങ്ങളിലായാണ് കൃഷി. വർഷം രണ്ടു ലക്ഷത്തിലധികം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാർ ഏജൻസികൾ വഴിയാണ് വില്പന. ഒരെണ്ണത്തിന് 4.50രൂപയാണ് വില.
എഴുത്തിന്റെ വഴിയിൽ
പുലർച്ചെ മൂന്നിന് ശശികുമാറിന്റെ എഴുത്തിന്റെ സമയവും ആരംഭിക്കും. കെട്ടുകാഴ്ച, വരുമ്പോലെ വന്നവർ എന്നിങ്ങനെ രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി ഡോക്യുമെന്ററികൾ ഒരുക്കി. കേരളകൗമുദിയടക്കം പ്രസിദ്ധീകരണങ്ങളിൽ യാത്രാവിവരണങ്ങളും സിനിമാവിശേഷങ്ങളും എഴുതിയിട്ടുണ്ട്.
""നെല്ലിനെന്നപോലെ മത്സ്യക്കുഞ്ഞുങ്ങൾക്കും സർക്കാർ അടിസ്ഥാനവില നൽകണം
- വി.ശശികുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |