കോട്ടയം: സൂപ്പർ കമ്പ്യൂട്ടിംഗിന്റെ വിശാലലോകത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി പാമ്പാടിയിലെ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്). പാമ്പാടി എട്ടാംമൈലിലെ ക്യാമ്പസിലാരംഭിക്കുന്ന സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അത്യാധുനിക സൂപ്പർ കമ്പ്യൂട്ടിംഗ് സെന്ററിലെ സൗകര്യം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എച്ച്. സുരേഷ് പറഞ്ഞു. പദ്ധതി പ്രവർത്തനക്ഷമമാവുന്നതോടെ സൂപ്പർകമ്പ്യൂട്ടിംഗ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന തരത്തിൽ പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്ടിയ്ക്കപ്പെടും.. 2026 ജനുവരിയോടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി മുഴുവൻ പ്രവർത്തനങ്ങളും പുതിയ കാമ്പസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള എസ്.ആർ.ഐ.ബി.എസ് സൂപ്പർ കമ്പ്യൂട്ടിംഗ് ഉൾപ്പെടെ ശാസ്ത്രഗവേഷണത്തിൽ പുതുതലമുറയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുനൽകുന്നു.
നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉന്നതഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്യാധുനിക ഗവേഷണങ്ങൾ നടത്തുന്നതിലും നിർണായകമായ പങ്കുവഹിയ്ക്കാൻ ശേഷിയുള്ള ഗവേഷണസ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു.
2024 ഒക്‌ടോബർ 28ന്ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.100 കോടി രൂപയുടെ കെ-സ്റ്റാർ പദ്ധതിയുടെ പ്രൊപോസൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററിന്റെ തുടക്കം കുറിക്കാനായി 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |