കോട്ടയം: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും പുറത്തു പോകേണ്ട. ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്‌കൂൾ കോമ്പൗണ്ടിലെ കിയോസ്‌കിൽ ലഭിക്കുന്ന മാകെയർ പദ്ധതി ജില്ലയിലെ സ്‌കൂളുകളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരിക്കാട്ടൂർ സി.സി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിലാകും കീയോസ്‌കുകളിലെ വിൽപ്പന. സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തപോകുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ.ദിവാകർ പദ്ധതി വിശദീകരിച്ചു. പി.ആർ അനുപമ, ഫാ.സണ്ണി പൊരിയത്ത്,പി.എസ് ജമീല, മോളി മൈക്കിൾ,പ്രശാന്ത് ശിവൻ, ജെസിയ ബീവി, ജോയ് സെബാസ്റ്റ്യൻ, ഷിനോജ് ജോസഫ്, ഷാജി കുര്യാക്കോസ്,മാർട്ടിൻ തോമസ് എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു സുരേഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |