കോഴിക്കോട് : മാനാഞ്ചിറ ചത്വരം നിലനിൽക്കും കാലത്തോളം ആർ.കെ രമേശ് എന്ന വാസ്തുശിൽപ്പിയും ഓർമ്മിക്കപ്പെടും. കോഴിക്കോടിനെ അടയാളപ്പെടുത്തിയ നിർമ്മിതികളുടെയെല്ലാം രൂപകൽപ്പന രമേശിന്റെതായിരുന്നു. സഞ്ചാരികളുടെ പറുദീസയായ കോഴിക്കോട് ബീച്ചിനെ അത്രമേൽ സുന്ദരിയാക്കിയതിൽ രമേശിന്റെ വിരൽസ്പർശമുണ്ട്. സരോവരം ബയോ പാർക്ക്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് എന്നീ നിർമ്മിതികളിലെല്ലാം ആർ.കെ രമേശ് എന്ന വാസ്തുശിൽപിയുടെ കൈയൊപ്പ് തെളിഞ്ഞ് കാണാം. വാസ്തുവിദ്യാ രംഗത്തെ കഴിവിനുള്ള അംഗീകാരം കൂടിയായിരുന്നു മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിനായി ഡൽഹിയിൽ നിർമിച്ച ഭവനം.
പ്രകൃതിയെ സ്നേഹിച്ച വാസ്തുശിൽപി
നിർമ്മിതികൾ പരിസ്ഥിതി സൗഹൃദമാകാൻ എന്നും ശ്രദ്ധിച്ച വാസ്തുശിൽപിയായിരുന്നു ആർ.കെ രമേശ്. ബൃഹത് നിർമ്മിതികൾക്കൊപ്പം സാധാരണക്കാർക്കായി കുറഞ്ഞ ചെലവിൽ വീട് നിർമാണത്തിനായി നിരവധി പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി. ഇതിന്റെ ഭാഗമായിരുന്നു ഭവനം ചാരിറ്റബിൾ സൊസൈറ്റി. തിരൂർ തുഞ്ചൻ സ്മാരകം, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാഡമി, കണ്ണൂർ നായനാർ സ്മാരകം, തിരുവനന്തപുരത്തെ കൈരളി ടവർ, മുഴപ്പിലങ്ങാട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് പാർക്ക്, മഞ്ചേരിയിലെ ഫുട്ബോൾ അക്കാഡമി, സ്പോർട്സ് കോംപ്ലക്സ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് തുടങ്ങി നിരവധി അഭിമാനകരമായ പദ്ധതികൾ പൂർത്തിയാക്കി. സംസ്ഥാനത്തെ നിരവധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കെട്ടിടങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയും രൂപകൽപ്പന ചെയ്തു. കോഴിക്കോട്ടെ വിവാദമായ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ശിൽപിയും ആർ.കെ.യാണ്. പ്രവർത്തനമണ്ഡലത്തിലെ മികവിനുള്ള അംഗീകാരമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റിന്റെ പ്രഥമ ദേശീയ വാസ്തുവിദ്യാ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ജനഹൃദയങ്ങളിൽ സ്ഥാനം
പിടിച്ച വ്യക്തി: മുഖ്യമന്ത്രി
ആർ.കെ രമേശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പല പ്രധാന സ്ഥാപനങ്ങളും രൂപകല്പന ചെയ്യുക വഴി കേരളീയ പൊതുസമൂഹത്തിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഭവനരഹിതർക്ക് ചെലവ് കുറഞ്ഞ നിർമ്മാണത്തിനുള്ള ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നടത്തിപ്പിലൂടെ പാവങ്ങൾക്ക് താങ്ങാവുന്ന ഭവന നിർമ്മാണ സാങ്കേതികവിദ്യ കൈമാറി നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ആർക്കിടെക്ട് എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിയായിരുന്നു ആർ.കെ രമേശ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |