റോഡുകളും പാലങ്ങളും തകർന്നു, വീടുകളിൽ വെള്ളം കയറി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ കനത്ത നാശം. റോഡുകളും പാലങ്ങളും തകർന്നു. കുറ്റ്യാടി, നാദാപുരം, വിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശ നഷ്ടം. പലയിടത്തും ഗതാഗതം താറുമാറായി. മഴയെ തുടർന്ന് നാദാപുരത്ത് പിക്കപ്പ് വാൻ കല്ലാച്ചി -വളയം റോഡിലെ വിഷ്ണുമംഗലം പാലത്തിൽ ഇടിച്ചു. വണ്ടിയിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുടിക്കൽ പാലത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ഹോട്ടൽ പൂർണമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രാത്രി വെെകിയും പ്രവർത്തിക്കാറുള്ള ഹോട്ടൽ ബുധനാഴ്ച തുറക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വിലങ്ങാട് വായാട് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ടൗണിനെയും നരിപ്പറ്റ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി തകർന്നു. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ വിലങ്ങാട് പുഴ കരകവിഞ്ഞു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. അപകടാവസ്ഥയിൽ താമസിക്കുന്നവരെ നാട്ടുകാർ ബന്ധുവീടുകളിലേക്ക് മാറ്റി. വളയം വാണിമേൽ, ചെക്യാട് മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
ഭീതിയിൽ വിലങ്ങാട്
വിലങ്ങാട്ട് ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച മഴ രാത്രിയിലും തിമിർത്തു ചെയ്തു. മൂന്ന് പാലങ്ങളും മലവെള്ളത്തിൽ മുങ്ങി. മഞ്ഞച്ചീളി അടക്കമുള്ള അപകട മേഖലയിൽ നിന്ന് നാട്ടുകാർ പല കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ഉരുൾപൊട്ടൽ ഭീതിയിൽ പ്രദേശവാസികൾക്ക് ഉറങ്ങാനായില്ല. ഇന്നലെയും കനത്ത മഴ പെയ്തു. കോഴിക്കോട്-കണ്ണൂർ അതിർത്തി പ്രദേശമായ അരുണ്ടയിൽ കുന്നിടിഞ്ഞത് വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി ഇലട്രിക് പൊസ്റ്റുകൾ തകർന്നു. രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. നെല്ലിക്കാപറമ്പ് -അരൂണ്ട- കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. നിലച്ച ഗതാഗതം നാട്ടുകാർ ചേർന്നാണ് പുന:സ്ഥാപിച്ചത്.
ദുരിത പെയ്ത്തിൽ നഷ്ടങ്ങളേറെ
കുറ്റ്യാടി കാവിലുംപാറ, മരുതോങ്കര, വേളം, കായക്കൊടി പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമുണ്ടായി. കാവിലുംപാറ ഒടേരി പൊയിലിൽ ഒടേരിപൊയിൽ പീടികയുള്ള പറമ്പ് ശോഭയുടെ വീട്ടുമതിൽ ഇടിഞ്ഞു വീണു. ഇവരുടെ വീട് അപകട ഭീഷണി നേരിടുകയാണ്.
ഒടേരി പൊയിലിൽ കുന്നിയുള്ള പറമ്പത്ത് ചന്ദ്രിയുടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി. തോട്ടിലെ ശക്തമായ കുത്തൊഴുക്കിൽ ഇവരുടെ വീടിനോട് ചേർന്ന ഭാഗം ഒഴുകിപോയി.
അന്തിനാട്ട് മനുവിന്റെ വീട്ട് മുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. വള്ളുവൻകുന്ന് ഭാഗത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് ചാപ്പൻ തോട്ടം പൂള പാറ തൊട്ടിൽ പാലം റോഡിൽ കല്ലും മണ്ണും ചെളിയും നിറഞ്ഞു. വാഴയിൽ അഹമ്മതിന്റെയും പുത്തൻപറമ്പിൽ ആൻസലന്റെയും കാർഷിക വിളകൾ നശിച്ചു, ഈ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളപൈപ്പുകൾ തകരാറിലായി. പൊയിലോം ചാലിലെ പ്ലാതോട്ടത്തിൽ ജോസിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്ന് വീണു. പൊയിലോംചാൽ ഇടതുകുനി റോഡിൽ വലിയ പാറക്കല്ല് വീണ് കിടക്കുകയാണ്.
കാവിലുംപാറയിലെ ചോയിച്ചുണ്ട് ഭാഗത്ത് 12 വീടുകളിലും പൈക്കലങ്ങാടി മൂന്ന് അങ്കണവാടി ഭാഗത്ത് അഞ്ച് വീടുകളിലും വെള്ളം കയറി.
കുറ്റ്യാടി ചുരം റോഡിലെ പത്താം വളവിൽ ബുധനാഴ്ച രാത്രി 11 മണിക്ക് പെയ്ത കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം നിശ്ചലമായി. ഇന്നലെ കാലത്ത് മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. വേളം ശാന്തിനഗറിൽ ചെടയംകണ്ടി തോട് കരകവിഞ്ഞ് കോളനിയിൽ വെള്ളം കയറി. പന്ത്രണ്ട് കുടുംബങ്ങളെ മാറ്റി. കടന്തറ പുഴ കരകവിഞ്ഞതോടെ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്,പൃക്കൻ തോട്ടം, മീൻ പറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
പശുക്കടവിലെ പൂതപറമ്പിൽ ഷിജു, പുളിക്കൽ റോയി, ജോൺ കീരവട്ടം, സന്തോഷ് അഴകത്ത്, അരി വിക്കൽ അശോകൻ എന്നിവരുടെ വീടിന് പിന്നിലെ മൺതിട്ട ഇടിഞ്ഞ് വീണ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
കായക്കൊടി പഞ്ചായത്തിലെ ഉല്ലാസ് നഗർ ഭാഗത്തെ കണ്ണങ്കൈ തോട് കര കവിഞ്ഞൊഴുകി പ്രദേശത്ത് വെള്ളം കയറി, സമീപത്തെ കെ.ടി കുഞ്ഞമ്മദിന്റെ വീട്ടുമതിൽ തകർന്ന് വീണു. മൂരിപാലത്ത് നിർമ്മാണത്തിലിരിക്കുന്ന അപ്രോച്ച് റോഡ് തകർന്നു.
മുണ്ടിയോട്, പിടച്ചിൽ, ഓത്തിയോട് ഭാഗങ്ങളിലെ മുപ്പത് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
കുറ്റ്യാടി പഞ്ചായത്തിലെ രാമോത്ത് കണ്ടി മദ്രസയ്ക്ക് സമീപത്തെ സ്രാമ്പിയിലെ കിണർ ഇടിഞ്ഞു താണു.
കാവിലുംപാറ പഞ്ചായത്ത് എട്ടാം വാർഡിലെ ഓലിക്കൽ ജോഷിയുടെ വീടിൻ്റെ പിൻവശത്തെ മൺതിട്ട കനത്ത മഴയിൽ ഇടിഞ്ഞു വീണു. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പിറകുവശത്തെ ശുചി മുറി മണ്ണു മൂടിയ നിലയിലാണ്.
തലയാട് ചീടിക്കുഴി ചുരുക്കൻ കാവിൽ
ഉരുൾപൊട്ടി
തലയാട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ ചീടിക്കുഴി ചുരുക്കൻകാവ് ഭാഗത്ത് ഉരുൾപൊട്ടി. ബുധനാഴ്ച രാത്രിയാണ് സംഭവം. വലിയ പാറക്കെട്ടുകൾ കുത്തിയൊലിച്ചെത്തി. മരങ്ങൾ കടപുഴകി. നിരവധി തെങ്ങുകളും കമുകുകളും നിലംപൊത്തി. ആൾതാമസമില്ലാത്ത ഭാഗമായതിനാൽ ഉരുൾപൊട്ടലിൽ ആരുടെയെല്ലാം കൃഷി സ്ഥലങ്ങളാണ്
നശിച്ചതെന്ന് വ്യക്തമല്ല. പലർക്കും കൃഷി നാശംസംഭവിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെയും കാന്തലാട് വില്ലേജിന്റെയും മുന്നറിയിപ്പ് ഉണ്ടായതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർ ബന്ധു വീടുകളിലേക്ക് മാറി.
തലയാട് 26ാം മൈലിൽ മണ്ണിടിച്ചിൽ
തലയാട്: മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് 26ാം മൈലിൽ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെടുന്നു. കക്കയം, കരിയാത്തൻപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് വില്ലേജ് ഓഫീസർ മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ മണ്ണ് മാറ്റൽ ദുഷ്ക്കരമായിരിക്കുകയാണ്.
മണ്ണിടിഞ്ഞ് വഴിയടഞ്ഞു
തലയാട്: ചുരത്തോട് പേര്യമല ഭാഗങ്ങളിലേക്ക് പോകുന്ന റോഡിലേയ്ക്ക് ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിൽ കാരണം പ്രദേശത്ത് താമസിക്കുന്നവർക്ക് വീടുകളിലേയ്ക്ക് പോകാൻ വഴികളില്ലാതെ ബുദ്ധിമുട്ടുകയാണ്. എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |