കൊല്ലം: മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും പടിഞ്ഞാറെ കല്ലടയിലുള്ള മിഥുന്റെ വീടും അപകടം നടന്ന തേവലക്കര ബോയ്സ് എച്ച്.എസും സന്ദർശിച്ചു. മിഥുന്റെ അച്ഛനെയും അച്ഛാമ്മയേയും ആശ്വസിപ്പിച്ച മന്ത്രി ശിവൻകുട്ടി സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞു.
മരണത്തിൽ തുടർന്ന് വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകൾ സ്വീകരിച്ച നടപടികൾ ശിവൻകുട്ടി മിഥുന്റെ അച്ഛനോട് വിശദീകരിച്ചു. ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിച്ചതിന് പുറമേ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സുജിന്റെ പഠന ചെലവ് സർക്കാർ വഹിക്കുമെന്ന തീരുമാനവും ശിവൻകുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ. മേഴ്സിക്കുട്ടിഅമ്മ, എസ്. ജയമോഹൻ, ചിന്താ ജെറാം തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
അദ്ധ്യാപകർക്ക് താക്കീത്
തേവലക്കര ബോയ്സ് സ്കൂൾ സന്ദർശിക്കുന്നതിനിടെ സ്കൂളിലെ അദ്ധ്യാപകരെ വിളിച്ചുകൂട്ടി സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാർ താക്കീത് നൽകി. അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ സാധാരണ കമ്മിഷനെ വച്ചാണ് അന്വേഷിക്കുന്നത്. അങ്ങനെ വൈകിപ്പിക്കാതെ പെട്ടെന്നാണ് മിഥുന്റെ മരണത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |