തിരുവനന്തപുരം: വില കുതിച്ചുയരുന്നതോടെ ഇക്കുറി ഓണത്തിന് വെളിച്ചെണ്ണയുടെ നറുമണവും സ്വാദുമുള്ള ഉപ്പേരിയും ശർക്കര വരട്ടിയും കിട്ടാതാവും. ചിപ്സ് ഉണ്ടാക്കുന്നവർ സസ്യഎണ്ണകളിലേക്ക് തിരിഞ്ഞതാണ് കാരണം. വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഏത്തക്കാഉപ്പേരി കാണാൻ പോലുമില്ലാത്ത സ്ഥിതിയാണ്.പാമോയിൽ,സൺഫ്‌ളവർ ഓയിൽ എന്നിവയിലാണ് ഇപ്പോൾ പാചകം. എന്നാൽ വിലയിൽ വലിയ കുറവുമില്ല.
350 മുതൽ 400 രൂപ വരെ വിലയുണ്ടായിരുന്ന ഏത്തക്കായ ചിപ്സിന് ഇപ്പോൾ 600 - 700 രൂപയായി. ശർക്കര വരട്ടിക്ക് 780 രൂപയുമായിട്ടുണ്ട്. പട്ടണ പ്രദേശങ്ങളിലാണ് വില കൂടുതൽ. ഗ്രാമപ്രദേശങ്ങളിലാവട്ടെ 500 രൂപയ്ക്കും ഏത്തക്ക ഉപ്പേരി വിൽക്കുന്നുണ്ട്.
എണ്ണയിൽ വറുത്തെടുക്കുന്ന മിക്സ്ചർ, പക്കാവട തുടങ്ങിയവയ്‌ക്കും വില അനുദിനം കൂടുകയാണ്. സസ്യ എണ്ണയിലാണ് തയ്യാറാക്കുന്നതെന്ന് ഇവയുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വെളിച്ചെണ്ണയുടെ പേരിലാണ് വില വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഉപഭാക്താക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |