പോത്തൻകോട്: തലസ്ഥാനത്തെ പ്രധാന ജലസ്രോതസുകളിലൊന്നായ തെറ്റിയാർ തോടിന് വേണ്ടത് അതിജീവനത്തിനുള്ള കൈത്താങ്ങ്.
കഴക്കൂട്ടം,നെടുമങ്ങാട് നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത്,നഗരസഭ വാർഡുകളിലൂടെ ഒഴുകുന്ന തോട് കൈയേറ്റങ്ങളും മാലിന്യ നിക്ഷേപവും കാരണം നിശ്ചലമായ അവസ്ഥയിലാണ്. സർക്കാർ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതികളും തോടിന് രക്ഷയായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി. ജില്ലയിൽ നീർത്തടാധിഷ്ടിത പദ്ധതി രൂപീകരിച്ച കാലത്ത് ഏറ്റവും വലിയ നീർത്തട പദ്ധതിയായിരുന്നു തെറ്റിയാർ തോട്.
മൂന്ന് പഞ്ചായത്തുകളിലായുള്ള ഹെക്ടർ കണക്കിന് പ്രദേശത്തെ കൃഷി,മൃഗസംരക്ഷണം,കിണർ,ജനങ്ങളുടെ തൊഴിൽ തുടങ്ങി ഒട്ടനവധി ഘടകങ്ങളെ സഹായിച്ചിരുന്ന പദ്ധതി നിലവിൽ എങ്ങുമെത്താത്ത സ്ഥിതിയാണ്. തോടിന്റെ പല ഭാഗങ്ങളിലും മണ്ണ് നിറഞ്ഞതോടെ ഒഴുകുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്.
ഉത്ഭവം
പോത്തൻകാേട് ഗ്രാമപഞ്ചായത്ത് അയിരൂപ്പാറ ഏലായിലെ ഓടൂർകോണത്തുള്ള തെങ്ങനാംകാേട് ചിറ,പഴയ കഴക്കൂട്ടം പഞ്ചായത്തിലെ മടവൂർപ്പാറയുടെ താഴ്‌വാരത്തിലെ കാട്ടായിക്കോണം തെങ്ങുവിള കുളം,അണ്ടൂർക്കോണം പഞ്ചായത്തിലെ ആനതാഴ്ചിറ തുടങ്ങിയവയാണ് തെറ്റിയാർ തോടിന്റെ ഉത്ഭവസ്ഥാനങ്ങൾ.
കൈവഴികൾ
കല്ലടിച്ചവിള ഉടൻകുളം,കുണ്ടയത്തുനട,കാട്ടായിക്കോണം കൂനയിൽ,പണിമൂല,വെട്ടുറോഡ്,കഴക്കൂട്ടം, കാട്ടായിക്കോണം,ശാസ്‌തവട്ടം,മൂഴിനട,ആറ്റിപ്ര വഴി വേളി കായലിൽ ചേരുന്നു.
പ്രതിസന്ധികൾ
----------------------------
തെറ്റിയാർ തോട്ടിലേക്ക് മദ്യക്കുപ്പികൾ,പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വലിച്ചെറിയുന്നത് കൂടാതെ രാത്രികാലങ്ങളിൽ സീവേജ് മാലിന്യങ്ങൾ ഉൾപ്പെടെ വണ്ടികളിലെത്തിച്ച് തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഹരിതകർമ്മസേനയുടെ മിനി എം.സി.എഫ് പലയിടങ്ങളിലും തെറ്റിയാർ തോടിനോടു ചേർന്നാണ് സ്ഥാപിക്കുന്നത്. അതിനാൽ തോടും പരിസരവും അനിയന്ത്രിതമായ മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നു. നിലവിൽ തെറ്റിയാറിലെ ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നാണ് പഠനം. മാരകമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.
അടിയന്തര പരിഹാരം
കൃത്യവും ശാസ്ത്രീയവുമായ ഉപരിതല ജലവിഭവ
പരിപാലന പദ്ധതികൾ നടപ്പാക്കുക
മാലിന്യനിക്ഷേപമുള്ള ഭാഗങ്ങളിൽ സി.സി ടിവി ക്യാമറകൾ
തെറ്റിയാർ തോട് അളന്ന് തിട്ടപ്പെടുത്തി
പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കണം.
നിലവിലെ കെെയേറ്റങ്ങൾ ഒഴിപ്പിക്കുക.
പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കണം
തലസ്ഥാന ജില്ലയുടെ പ്രധാന ജലസ്രോതസായ
തെറ്റിയാർ തോട് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം
ഡോ.രമ്യ.ആർ. (കൂനയിൽ നിവാസി,
ഫാക്കൽറ്റി മെമ്പർ,ഹെഫ്റ്റ് ജിയോളജി അക്കാഡമി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |