കല്ലറ: അക്കേഷ്യയും മാഞ്ചിയവും വീണ്ടും സജീവമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. വനം വകുപ്പിന്റെ പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷനിൽ വനാതിർത്തി പ്രദേശമായ നെല്ലിക്കുന്ന് മേഖലകളിലാണ് വീണ്ടും അക്കേഷ്യയും മാഞ്ചിയവും വളരുന്നത്.
കുടിവെള്ളക്ഷാമം,ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ചൂട്ടിക്കാണ്ടി ജനങ്ങളുടെ നിരന്തര പരാതിയെ തുടർന്ന്,വർഷങ്ങൾക്കു മുൻപ് അക്കേഷ്യയും മാഞ്ചിയവും മുറിച്ച് ഫലവൃക്ഷങ്ങൾ നട്ടിരുന്നു. എന്നാൽ പരിപാലനക്കുറവ് കാരണം ഫലവൃക്ഷത്തൈകൾ നശിച്ചു. തുടർന്ന് വെട്ടിക്കളഞ്ഞ മാഞ്ചിയവും, അക്കേഷ്യയവും വീണ്ടും മുളച്ച് വനമാവുകയായിരുന്നു. ഇതുകാരണം വീണ്ടും പ്രദേശം വരൾച്ചാഭീതിയിലും വന്യജീവി ഭീതിയിലുമാണ്.
മുൻപത്തെ അവസ്ഥ
വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനങ്ങൾക്ക് പകരം അക്കേഷ്യയവും മാഞ്ചിയവും നട്ടുപിടിപ്പിച്ചതോടെ പ്രദേശത്തെ കുടിവെള്ളസ്രോതസുകൾ നശിക്കാൻ തുടങ്ങി. കിണറുകളിലും,കുളങ്ങളിലും ജലം വറ്റി. വന്യജീവികൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞത്.
പദ്ധതിപ്രകാരം നട്ടത്
മാവ്,പ്ലാവ്,പേര,ഞാവൽ,ഇലഞ്ഞി,അമ്പഴം,നെല്ലി,കശുമാവ്,കാര,കണിക്കൊന്ന,ചെമ്പകം,വേപ്പ്,കാഞ്ഞിരം,ചന്ദനം,ആൽ,കൂവളം,താന്നി തുടങ്ങിയവ
ഭരതന്നൂർ എൽ.പി.എസിനു സമീപമാണ് അക്കേഷ്യയവും മാഞ്ചിയവും വളർന്നു നിൽക്കുന്നത്. അക്കേഷ്യ പൂവ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാണ്. ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടുള്ള നിലപാട് കുട്ടികളോടുള്ള വെല്ലുവിളിയാണ്. കുട്ടികൾക്ക് പുറമെ വൃദ്ധർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്.
എം.എം.ഷാഫി, പ്രസിഡന്റ് പാങ്ങോട് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |