ന്യൂഡൽഹി: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. ഒരു രാജ്യം ഒരു ഭാഷ പരാമർശം വൻ വിവാദമായതോടെയാണ് വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയത്. പ്രാദേശിക ഭാഷകൾ ശക്തിപ്പെടുത്തണമെന്നതാണ് തന്റെ നിലപാട്. എന്നാൽ മാതൃഭാഷയോടൊപ്പം രണ്ടാംഭാഷയെന്ന നിലയിൽ ഹിന്ദി പഠിക്കണമെന്നാണ് ഞാൻ നിർദ്ദേശിച്ചത്. ഞാൻ വരുന്നതും ഹിന്ദി ഇതര സംസ്ഥാനത്ത് നിന്നാണ്. ഗുജറാത്തിൽ ഹിന്ദിയല്ല, ഗുജറാത്തിയാണ് ഭാഷ. താൻ നടത്തിയ പ്രസംഗം ശ്രദ്ധയോടെ കേൾക്കണം. എന്നാൽ രാഷ്ട്രീയം കാണേണ്ടവർക്ക് അതാകാമെന്നും റാഞ്ചിയിൽ ഒരു ഹിന്ദി ദിനപത്രം നടത്തിയ ചടങ്ങിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവുമെന്നും ഹിന്ദി ദിവസിനോടനുബന്ധിച്ച ചടങ്ങിൽ അമിത് ഷാ പറഞ്ഞിരുന്നു. പിന്നീട് ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് രൂക്ഷമായ പ്രതിഷേധമാണ് ഉണ്ടായത്. ബി.ജെ.പി സഖ്യകക്ഷികൾ അടക്കം ഇതിനെതിരെ രംഗത്തുവന്നു. പ്രസ്താവനയ്ക്കെതിരെ കർണാടകയിൽ കന്നഡ സംഘടനകൾ വൻ പ്രതിഷേധം നടത്തി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയ നേതാക്കൾ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. കന്നഡയാണ് മുഖ്യമെന്നു മുഖ്യമന്ത്രി യെദിയൂരപ്പയും പറഞ്ഞു. ‘ഹിന്ദ്യ’യല്ല, ഇന്ത്യയാണിതെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നു ബി.ജെ.പി സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെ, പി.എം.കെ എന്നിവയും പ്രഖ്യാപിച്ചു.
ഹിന്ദിക്കുവേണ്ടിയുള്ള കടുംപിടുത്തം ജെല്ലിക്കെട്ട് സമരത്തേക്കാൾ വലിയ സമരമായിരിക്കും ഉണ്ടാക്കുകയെന്നും ഇന്ത്യയുടെ വ്യത്യസ്തതയെന്ന വാഗ്ദാനം ഒരു ഷായ്ക്കും സാമ്രാട്ടിനും സുൽത്താനും ലംഘിക്കാൻ കഴിയില്ലെന്നും തമിഴ്നടൻ കമൽഹാസൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എത്ര ഭാഷകൾ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അമിത് ഷായുടെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |