ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ആയിരിക്കെ തൃണമൂൽ സർക്കാരിനും മമതാ ബാനർജിക്കും തലവേദനയുണ്ടാക്കിയ അതേ തന്ത്രങ്ങളായിരുന്നു രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ കഴിഞ്ഞ മൂന്നുവർഷവും പയറ്റിയത്. അതിനാൽ ആരോഗ്യകാരണങ്ങളാലുള്ള അപ്രതീക്ഷിത രാജി രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചു.
2022 ആഗസ്റ്റിൽ 14-ാം ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റ ധൻകർ രാജ്യസഭാ അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രതിപക്ഷവുമായി സ്ഥിരമായി ഏറ്റുമുട്ടലിലായിരുന്നു. വിവാദങ്ങളിൽ സർക്കാരിനൊപ്പം നിന്ന് പ്രതിപക്ഷ നീക്കങ്ങൾക്ക് തടയിട്ടു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായുള്ള തുറന്ന ഏറ്റുമുട്ടലുകൾ രാജ്യസഭാ ചരിത്രത്തിലെ അപൂർവ ഏടുകൾ. ഖാർഗെ അദ്ദേഹത്തിന്റെ സമുദായത്തെ ഉന്നമിട്ടെന്ന ആരോപണം ബി.ജെ.പിയും സർക്കാരും ഏറ്റുപിടിച്ചിരുന്നു.
സോണിയാ ഗാന്ധിയും ശതകോടീശ്വരൻ ജോർജ്ജ് സോറോസും തമ്മിൽ ബന്ധമുണ്ടെന്ന ബി.ജെ.പി വാദത്തിന് പിന്തുണ നൽകിയെന്ന് ആരോപിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരം 60 എം.പിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം നേരിട്ട ആദ്യ രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയാണ്. പ്രമേയത്തിനുള്ള നോട്ടീസ് രാജ്യസഭാ സെക്രട്ടേറിയറ്റ് തള്ളി. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിത്താനയിൽ 1951 മേയ് 18ന് കർഷക ജാട്ട് കുടുംബത്തിൽ ജനനം. ഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ജയ്‌പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിയമപഠനം. അഭിഭാഷകനായി തിളങ്ങിയ അദ്ദേഹം രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക‌്‌ടീസ് ചെയ്‌തു. രാജസ്ഥാൻ ബാർ അസോസിയേഷൻ മുൻ അദ്ധ്യക്ഷനാണ്.
80കളുടെ അവസാനം മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ സ്വാധീനത്തിൽ ജനതാദളിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം. 1989ൽ ജുൻജുനു മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ ധൻകർ 1990ൽ വി.പി.സിംഗ് മന്ത്രിസഭയിൽ പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്നു. ദേവിലാൽ മന്ത്രിസഭ വിട്ടപ്പോൾ രാജിവച്ചു. പിന്നീട് ചന്ദ്രശേഖർ മന്ത്രിസഭയിലും അംഗമായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് കോൺഗ്രസിൽ ചേർന്ന് അജ്‌മീർ ജില്ലയിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്ന് രാജസ്ഥാൻ നിയമസഭാംഗമായി. 2003ൽ ബി.ജെ.പിയിൽ. 2016ൽ പശ്‌ചിമബംഗാളിൽ ബി.ജെ.പി ചുമതല. 2019ൽ അവിടെ ഗവർണർ പദവിയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |