പാലക്കാട്: വാളയാർ ഡാമിലെ ചെളിനീക്കൽ(ഡീസിൽറ്റേഷൻ) പ്രവൃത്തിയുടെ ഭാഗമായി ഡാമിന്റെ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പ്രവൃത്തിയുടെ നിർവഹണ ഏജൻസിയായ കെംഡെല്ലിന്(കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർദ്ദേശം നൽകി. പാലക്കാട് ജില്ലാ വികസനസമിതി യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഡാമിൽ നിന്ന് ശേഖരിക്കുന്ന മണലിനൊപ്പം പുഴയിലെ മണലും അനധികൃതമായി കടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതുവരെ പുഴയിൽ നിന്നും അനധികൃതമായി അളവിൽ കൂടുതൽ കൊണ്ടുപോയ മണലിന്റെ കണക്ക് ബോധിപ്പിക്കാൻ ജലസേചന വകുപ്പിനോടും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
വാളയാർ ഡാമിൽ നിന്നുള്ള മണലെടുപ്പ് നിറുത്തി വയ്ക്കാൻ കഴിഞ്ഞ മാസം ചേർന്ന ജില്ല വികസന സമിതിയോഗത്തിൽ കളക്ടർ ഉത്തരവിട്ടിരുന്നു. ഡാമിൽ നിന്നെടുക്കുന്ന മണൽ കഴുകാനെന്ന വ്യാജേന പുഴയിലിട്ട ശേഷം ഇതിനൊപ്പം പുഴമണൽ കൂടി കടത്തി കൊണ്ടുപോകുന്നുവെന്നതാണ് പ്രധാന ആരോപണം. ഇത്തരത്തിൽ അനധികൃത മണലെടുപ്പിനെതിരെ മലമ്പുഴ എം.എൽ.എ എ.പ്രഭാകരൻ ശക്തമായി രംഗത്തെത്തുകയായിരുന്നു. വാളയാർ ഡാം ആഴം കൂട്ടി സംഭരണ ശേഷി ഉയർത്തുന്നതിനു വേണ്ടി രണ്ട് ഘട്ടമായി നടക്കുന്ന പുനരുദ്ധാരണ പ്രവർത്തിയുടെ ഒന്നാംഘട്ടത്തിൽ ഡാമിൽ നിന്നെടുക്കുന്ന മണ്ണ് അവിടെ നിന്ന് നേരിട്ടാണ് വില്പനയ്ക്ക് കൊണ്ടുപോയിരുന്നത്. അതിനാൽ ആദ്യഘട്ടം പരാതികളില്ലാതെ പൂർത്തിയായി. രണ്ടാംഘട്ടം എത്തിയപ്പോഴാണ് ഡാമിലെ മണൽ പുഴയിലിട്ട് അവിടെ നിന്ന് കൊണ്ടുപോവുകയെന്ന രീതി വന്നത്. ഇതോടെ ഡാമിലെ മണലിനൊപ്പം പുഴമണലും കരാറുകാരന് എന്ന സ്ഥിതി വന്നു. ഡാമിൽ നിന്നെടുക്കുന്ന മണ്ണ് പുഴയിൽ കഴുകാൻ ജലവിഭവ വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു കരാറുകാരുടെ വാദം. എന്നാൽ ഇതിനെതിരെ എ.പ്രഭാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |