കൈ കൊണ്ട് കുത്തിയെന്ന് സാക്ഷികൾ
തിരുവനന്തപുരം: മൃഗശാലയിലെ കടുവയുടെ ആക്രമണത്തിൽ മൃഗശാല സൂപ്പർവൈസറിന്റെ നെറ്റിക്ക് പരിക്ക്. ആറ് തുന്നലുണ്ട്. കരമന തളിയിൽ സ്വദേശി രാമചന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.35നായിരുന്നു സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആറു വയസ്സുള്ള ബബിതയെന്ന പെൺകടുവയാണ് ആക്രമിച്ചത്. മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് രാമചന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
കടുവയുടെ കൂട്ടിലുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തിൽ പൊടിവീണത് മാറ്റുന്നതിനിടെ കൂടിനകത്തുകൂടി കൈ കൊണ്ട് അടിക്കുകയായിരുന്നെന്നും കടുവ ഓടിവരുമെന്ന് ജീവനക്കാരൻ പ്രതീക്ഷിച്ചില്ലെന്നും മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ കൂട്ടിൽ കിടന്നുറങ്ങുകയായിരുന്ന കടുവയെ കാണികൾക്ക് കാണാൻ പിറക് വശത്തുകൂടെ കൈയിട്ട് കുത്തുന്നതിനിടെയാണ് കടുവ ആക്രമിച്ചതെന്നാണ് ചില ജീവനക്കാരും കണ്ടുനിന്നവരും പറയുന്നത്. നടപടി ഭയന്നാണ് അധികൃതർ ഇത് പുറത്തുവിടാത്തതെന്നും ആക്ഷേപമുണ്ട്.
കടുവയുടേത് വലുതും കൂർത്തതുമായ നഖമായതുകൊണ്ടാണ് വലിയ പരിക്കുണ്ടായത്. സംഭവത്തിൽ അന്വേഷണമില്ലെന്നാണ് സൂചന.
ലക്ഷങ്ങൾ വിലയുള്ള പക്ഷിമൃഗാദികൾ ചാകുന്നു
കഴിഞ്ഞ ഒരുമാസത്തിനിടെ അപൂർവയിനത്തിലെ ലക്ഷങ്ങൾ വിലയുള്ള രണ്ടുപക്ഷികളാണ് മൃഗശാലയിൽ ചത്തത്. ഇത് മേൽനോട്ടത്തിലെ വീഴ്ചയെന്നാണ് ആക്ഷേപം. തിരുപ്പതിയിൽ നിന്ന്കൊണ്ടുവന്ന യമുവും ഒരു ഒട്ടകപക്ഷിയുമാണ് അടുത്തിടെ ചത്തത്. ഇത് കൂടാതെ കഴിഞ്ഞ മാസം മാനും ചത്തു. നിയമവിരുദ്ധമായി പ്രദർശിപ്പിച്ചതിന്റെ പേരിൽ വനംവകുപ്പ് പിടിച്ചെടുത്ത് മൃഗശാലയ്ക്ക് കൈമാറിയ നൂറോളം തത്തകളിൽ അവശേഷിക്കുന്നത് 20 എണ്ണമാണ്. ബാക്കി തത്തകൾക്കും കൂട്ടമരണം സംഭവിച്ചു.
വിശദീകരണവുമായി അധികൃതർ
പുതിയതായി പണികഴിപ്പിച്ച ഓപ്പൺകൂട്ടിലേക്ക് മാറ്രുന്നതിനിടെയാണ് എമു ചത്തത്. പഴയ കൂട്ടിൽ നിന്ന് മാറ്റിയപ്പോൾ പേടിച്ച് ശാരീരികാസ്വസ്ഥ്യമുണ്ടായി ചത്തുവെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. എന്നാൽ ഓടിച്ചിട്ട് പിടികൂടിയപ്പോൾ സംഭവിച്ച പരിക്കാണ് മരണകാരണമെന്നാണ് വിവരം.ഒട്ടകപക്ഷിയും ചാകാൻ കാരണം ഇതുപോലെ കൂടുമാറ്റത്തിനിടെ എന്നാണ് വാദം. എന്നാൽ പ്രായാധിക്യം കാരണം അസുഖംബാധിച്ച് ചത്തുവെന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിശദീകരണം.
വെള്ളം കുടിപ്പിച്ച് മതിൽ ചാട്ടം
ലക്ഷങ്ങൾ വിലമതിക്കുന്ന മക്കൗ തത്ത പറന്നുപോയിട്ട് യാതോരുവിവരവുമില്ല. അതിന് മുമ്പ് ചാടിപ്പോയ ഹനുമാൻ കുരങ്ങ് മൃഗശാലജീവനക്കാരെ ചില്ലറയൊന്നുമല്ല വെള്ളം കുടുപ്പിച്ചത്. ഇത്തരത്തിൽ മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചകൾ ഇവിടെ സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |