വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു
പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും ശമനമില്ലാതെ കാലവർഷക്കെടുതി. കാങ്കോലിൽ വീടിന് മുൻവശത്തെ വൻമരം കടപുഴകി വീടിന് മുകളിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ആലക്കാട് ഖാദി കേന്ദ്രത്തിന് സമീപത്തെ വടക്കെ പുരയിൽ കല്യാണി (75)ക്കാണ് പരിക്കേറ്റത്. വീട്ടിൽ അഞ്ച് പേർ ഉണ്ടായിരുന്നുവെങ്കിലും ബാക്കിയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ കല്യാണിയെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിയാണ് കല്യാണിയെ പുറത്തെത്തിച്ചത്. വീട് പൂർണ്ണമായും തകർന്നു.
വെങ്ങരയിൽ കെ.കെ രമണിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂരക്ക് ഭാഗികമായി കേടുപറ്റി. എരമം വില്ലേജിലെ ചെമ്പാട് പി.വി. ബാലകൃഷ്ണൻ, പി.വി. രാജൻ എന്നിവരുടെ വീടുകൾക്ക് ഞായറാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഭാഗികമായി നാശനഷ്ടം സംഭവിച്ചു. എരമം വില്ലേജിന് സമീപം പെൻഷൻ ഭവൻ കെട്ടിടത്തിന് ശക്തമായ മഴയിലും കാറ്റിലും ഇലക്ട്രിക് പോസ്റ്റ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പെരിങ്ങോം ഗവ.കോളജിലെ സ്റ്റാഫ് റൂമിലെ ഗ്ലാസ് ഭിത്തി തകർന്നു. മഴയിൽ ചുണ്ടവിളക്കു വട്ടത്തെ ശശികുമാർ കവ്വായിക്കാരന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി തകർന്ന് വീടിന് ബലക്ഷയം സംഭവിച്ചു.
കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര വളപ്പിലെ കൂറ്റൻ ആൽമരം കടപുഴകി വീണു ക്ഷേത്രത്തിലെ നടപ്പപന്തലിനു കേടുപാടുകൾ സംഭവിച്ചു. അന്നൂരിലെ എ.വി കൃഷ്ണന്റെ വീടിന് മുകളിൽ പുളിമരം കടപുളകി വീണ് ഒരു ഭാഗം തകർന്നു. കുഞ്ഞിമംഗലം വില്ലേജ് മൂശാരി കൊവ്വലിൽ പടോളി മാധവിയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും കുഞ്ഞിമംഗലം വില്ലേജിൽ എടാട്ട് ഈസ്റ്റിൽ നാലാം വാർഡിൽ എടച്ചേരി സുരേഷിന്റെ ഓടുമേഞ്ഞ വീടിന് മുകളിൽ മാവും തെങ്ങും പൊട്ടി വീണ് മേൽക്കുര പൂർണ്ണമായി തകർന്നു. പാണപ്പുഴ പറവൂരിൽ അയിത്തം വളപ്പിൽ ഓമനയുടെ വീട്ടിന് മുകളിൽ തേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |