തൃശൂർ: തുടർച്ചയായി മഴ പെയ്യുന്നതോടെ ജില്ലയിലെ മഴ കുറവ് മറികടന്നു. മൺസൂണിൽ ഇന്നലെ വരെ ലഭിക്കേണ്ട ശരാശരി മഴയേക്കാൾ കൂടുതൽ മഴ ലഭിച്ചു. സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ച അഞ്ചു ജില്ലകളിൽ ഒന്നാണ് തൃശൂർ. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ കാലവസ്ഥ വകുപ്പിന്റെ കണക്ക് പ്രകരാം 1310.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1333.5 മില്ലി മീറ്റർ മഴ ലഭിച്ചു. ഇതനുസരിച്ച് രണ്ട് ശതമാനം മഴ കൂടുതലാണ് ലഭിച്ചത്. രണ്ട് ദിവസമായി മഴ ശക്തമായതോടെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തി.
കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ
ജില്ലയിൽ ശനിയാഴ്ച്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ ലഭിച്ച കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊടുങ്ങല്ലൂരിലാണ്. 107 മില്ലി മീറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്. കുന്നംകുളം 42.8, ഇരിങ്ങാലക്കുട 37,ഏനാമാക്കൽ 68.2,ചാലക്കുടി 68.2, വടക്കാഞ്ചേരി 38, വെള്ളാനിക്കര 60.4 മില്ലി മീറ്റർ വീതം മഴ ലഭിച്ചതായി രേഖപ്പെടുത്തു. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു. ഇതേ തുടർന്ന് ഡാമുകൾ തുറക്കുകയും വ്യാപക നാശം സംഭവിക്കുകയും ചെയ്തിരുന്നു.
ദുരിതവും
മഴ ശക്തമായി തുടർന്നാൽ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും. ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. സ്വരാജ് റൗണ്ടിലടക്കം യാത്ര ക്ലേശകരമാണ്. കനോലി കനാലിന്റെ പല ഭാഗങ്ങളും കരകവിഞ്ഞു. വാടാനപ്പിള്ളി ബീച്ചിൽ ശക്തമായ കടലാക്രമണവും ആശങ്ക വിതക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിങ്ങൽകുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |