പാലക്കാട്: സംസ്ഥാന സർക്കാർ അട്ടപ്പാടിയിൽ 400 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂർ പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച ഉമ്മത്താംപടി വരഗാർപുഴ റെഗുലേറ്റർ കം കോസ് വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്ന് റീച്ചുകളിലായിട്ടുള്ള അട്ടപ്പാടിയിലെ പ്രധാനപ്പെട്ട റോഡിന് 160 കോടി രൂപയും താവളംമുള്ളി റോഡിന് 140 കോടി രൂപയുമാണ് അനുവദിച്ചത്. ഗവ. കോളേജിനും സ്‌കൂളുകൾക്കുമായി 50 കോടി രൂപ, കോട്ടത്തറ ആശുപത്രിയ്ക്ക് 15 കോടി രൂപ എന്നിവയുൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ അട്ടപ്പാടിയിൽ നടപ്പിലാക്കിയിട്ടുണ്ട്. വരഗാർ പുഴയ്ക്ക് കുറുകെയുള്ള ഉമത്താംപടിയിലെ റെഗുലേറ്റർ കം കോസ് വേയിലൂടെ ഉന്നതി നിവാസികൾക്ക് മഴക്കാലത്ത് വാഹനത്തിലൂടെയും അല്ലാതെയും പുഴ മുറിച്ച് കടക്കാൻ സാധിക്കും. റെഗുലേറ്റർ വരുന്നതോടെ മഴക്കാലത്ത് ജലം സംഭരിക്കാനും കൃഷിക്കായി അത് പ്രയോജനപ്പെടുത്താനും സാധിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് സംയുക്തമായി വലിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കകം രാജ്യത്തെ ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. നമ്മുടെ സമൂഹത്തിൽ ഏറ്റവും പിൻ നിരയിലുള്ളവരെയാണ് സംസ്ഥാനസർക്കാർ ആദ്യം പരിഗണിച്ചത്. സർവേ നടത്തി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി ഒരോ കുടുംബത്തിന്റെ അതിദാരിദ്ര്യത്തിന്റെ കാരണമെന്താണെന്ന് നിർണയിച്ച് പ്രത്യേകം മൈക്രോ പ്ലാനുകൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. പഞ്ചായത്തുകളാണ് ഈ മൈക്രോ പ്ലാനുകൾ നടപ്പിലാക്കിയത്. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം 93 ശതമാനം കുടുംബങ്ങളേയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂരഹിതരായ എല്ലാവർക്കുമുള്ള ഭൂമി കണ്ടെത്തി കഴിഞ്ഞു. ഇത് പതിച്ചുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. അതിദരിദ്ര മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. പുതൂരിൽ നടന്ന പരിപാടിയിൽ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |