റാന്നി: കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപികയുടെ ശമ്പളം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിലെ ഗൃഹനാഥൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി ഷിജോയെയാണ് (46) ഞായറാഴ്ച വീടിന് ഒന്നരക്കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ തൂങ്ങിമരിച്ച
നിലയിൽ കണ്ടെത്തിയത്. ഭാര്യ ലേഖ രവീന്ദ്രൻ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയാണ്.
ലേഖയ്ക്ക് പതിമൂന്ന് വർഷമായി ശമ്പളം ലഭിക്കുന്നില്ല. ഡിവിഷൻ ഫാൾ ഭയന്ന് മുമ്പുണ്ടായിരുന്ന അദ്ധ്യാപിക ബി.ആർ.സിയിലേക്ക് മാറിയിരുന്നു. പകരം നിയമനം ലഭിച്ച ലേഖയുടെ ശമ്പളം നിയമക്കുരുക്കിൽപ്പെട്ടു. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ശമ്പള രേഖകൾ ശരിയാക്കാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പല തവണ സമീപിച്ചിരുന്നു. ശമ്പളം നൽകാനുള്ള രേഖകൾ ശരിയാക്കി നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതാണ്. എന്നാൽ, ഉദ്യോഗസ്‌ഥർ ഇതിന് തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മകന്റെ എൻജിനീയറിംഗ് പ്രവേശനത്തിന് ഭാര്യയുടെ ശമ്പളക്കുടിശികയായി ലഭിക്കുന്ന പണം നൽകാനിരുന്നതാണ് ഷിജോ. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളേജ് പ്രവേശനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു ഷിജോയെന്ന് പിതാവ് ത്യാഗരാജൻ പറഞ്ഞു . വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ത്യാഗരാജനുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗമായ ത്യാഗരാജന്റേത് സി.പി.എം കുടുംബമാണ്. ഷിജോയുടെ സഹോദരൻ ഡി.വൈ.എഫ്. ഐ പ്രവർത്തകനാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ. ഏക മകൻ വൈഷ്ണവ്. മാതാവ് :കോമളം.
ഷിജോയുടെ
ശമ്പളവും മുടങ്ങി
കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്. പി. സി.കെയിൽ താത്കാലിക ഫീൽഡ് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഷിജോയ്ക്കും മാസങ്ങളായി ശമ്പളം കുടിശികയാണ്. രണ്ടു മാസത്തെ കുടിശിക നിലനിൽക്കെ, ഇന്നലെ 15 ദിവസത്തെ ശമ്പളം ഷിജോയുടെ അക്കൗണ്ടിലെത്തിയതായി ബന്ധുക്കൾ പറഞ്ഞു.
-----------------------------------
ഷിജോയുടെ ഭാര്യയ്ക്ക് ശമ്പള കുടിശിക ലഭിക്കാനുള്ള നടപടികൾക്ക് കാലതാമസം നേരിട്ടിട്ടെന്നാണ് ഷിജോയുടെ പിതാവ് പറയുന്നത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
മന്ത്രി വി. ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |