ഓരോ മത്സരത്തിലും ആവേശം നിറച്ചാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് കൊടിയിറങ്ങിയത്. ഇരുടീമുകളുടേയും ആരാധകർക്ക് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ നിരവധി മുഹൂർത്തങ്ങളും പരമ്പരയിൽ പിറന്നു. അവയിൽ ചിലത് ഇതാ...
ലീഡ്സിലെ സെഞ്ച്വറി മേളം
ഒറ്റ ടെസ്റ്റ് മത്സരത്തിൽ ഏഴ് സെഞ്ച്വറികൾ. അതിൽ അഞ്ചെണ്ണവും നേടിയത് ഒരു ടീം. എന്നിട്ടും ആ ടീമിന് ജയിക്കാൻ കഴിയാതിരിക്കുക. രണ്ട് ഇന്നിംഗ്സിലും ഒരേ താരത്തിന് സെഞ്ച്വറി. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ലീഡ്സിലെ ആദ്യ ടെസ്റ്റ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യം സെഞ്ച്വറിയടിച്ചത് യശസ്വി ജയ്സ്വാൾ(101). പിന്നാലെ ശുഭ്മാൻ ഗില്ലും (147),റിഷഭ് പന്തും (134) സെഞ്ച്വറി നേടി. ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ഒല്ലീ പോപ്പ് സെഞ്ച്വറി (106)നേടിയപ്പോൾ ഹാരി ബ്രൂക്ക് 99 റൺസിൽ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ കെ.എൽ രാഹുലും (137), റിഷഭ് പന്തും (118) ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറിയടിച്ചു. എന്നാൽ 371 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ടിനെ തകർപ്പൻ സെഞ്ച്വറിയുമായി ബെൻ ഡക്കറ്റ് (149) വിജയത്തിലെത്തിച്ചു.
ഇരട്ടച്ചങ്കുള്ള ഗിൽ
ബർമിംഗ്ഹാമിലെ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയോടെ സൂപ്പർ ഹീറോയായത് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലായിരുന്നു. നിരവധി റെക്കാഡുകൾ തിരുത്തിയെഴുതിയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗിൽ ശതകം കുറിച്ചത്. 387 മിനിട്ടുകൾ ക്രീസിൽ പിടിച്ചുനിന്ന് 509പന്തുകൾ നേരിട്ട് 30 ഫോറും മൂന്ന് സിക്സും പറത്തിയാണ് ഗിൽ 269 റൺസടിച്ചത്. ഇന്ത്യയുടെ 336 റൺസിനും പരമ്പരയിലേക്കുള്ള തിരിച്ചുവരവിനും അടിത്തറയിട്ടത് ഈ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ വീണ്ടും സെഞ്ച്വറിയടിച്ച് ഗിൽ വിസ്മയമായി മാറി.163 പന്തുകളിൽ13 ഫോറും 8 സിക്സുമടക്കമായിരുന്നു ഗില്ലിന്റെ രണ്ടാം ഇന്നിംഗ്സിലെ അതിവേഗ സെഞ്ച്വറി.
ലോഡ്സിൽ സ്റ്റംപിലേക്ക്
ഉരുണ്ടുകയറിയ പന്ത്
ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം 193 റൺസായിരുന്നു. 58/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ഇന്ത്യ അഞ്ചാം ദിവസം രാവിലെ രവീന്ദ്ര ജഡേജയുടെ ഒറ്റയാൻ പോരാട്ടത്തിലൂടെ 147/9 എന്ന സ്കോറിലെത്തിയപ്പോഴാണ് സിറാജ് ക്രീസിലേക്ക് എത്തുന്നത്. 29 പന്തുകൾ ഗംഭീരമായി പ്രതിരോധിച്ച് നാലുറൺസ് നേടിയിരുന്ന സിറാജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഷൊയ്ബ് ബഷീറിന്റെ ബാൾ ബാറ്റിൽകൊണ്ട് സ്റ്റംപിലേക്ക് ഉരുണ്ടുകയറി ബെയിൽസ് വീഴ്ത്തിയതോടെ ഇന്ത്യ തോറ്റുപോയ നിമിഷം പിറന്നു.ജയത്തിന്റെ വക്കിൽനിന്നാണ് ഇന്ത്യ 22 റൺസ് തോൽവി വഴങ്ങിയത്.
പരിക്കേറ്റിട്ടും കളിക്കാനെത്തിയ
പന്തിന്റെ വീര്യം
മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിംഗിനിടെ റിഷഭ് പന്തിന് പരിക്കേറ്റു. റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള പന്തിന്റെ ശ്രമത്തിനിടെ കാൽപാദത്തിന് പൊട്ടലേറ്റ് നടക്കാനാകാതെ ബഗ്ഗി വാഹനത്തിൽ റിട്ടയേഡ് ഹർട്ടായി പോയ പന്ത് പിറ്റേന്ന് ആ പൊട്ടലും വച്ച് ബാറ്റുചെയ്യാനെത്തിയത് കാണികളെ അത്ഭുതപ്പെടുത്തി. അർദ്ധസെഞ്ച്വറി(54) നേടിയിട്ടേ പന്ത് മടങ്ങിയുള്ളൂ. മൂന്നാം ടെസ്റ്റിനിടെ വിക്കറ്റ് കീപ്പിംഗിനിടെയും പന്തിന് പരിക്കേറ്റിരുന്നു.
മാഞ്ചസ്റ്ററിൽ പിടിച്ചു
വാങ്ങിയ സെഞ്ച്വറികൾ
നാലാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സെഞ്ച്വറികൾ നേടുന്നതിന് മുമ്പ് സമനില സമ്മതിച്ച് കളി നേരത്തേ നിറുത്താനുള്ള ശ്രമങ്ങളും അതിന് വഴങ്ങാതിരുന്ന ഇന്ത്യൻ താരങ്ങളുടെ നിലപാടുമാണ് ശ്രദ്ധേയമായത്. റൺസെടുക്കും മുമ്പ് രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കിയ ജഡേജയുടേയും സുന്ദറിന്റേയും ബാറ്റിംഗ് ചായസമയം കഴിഞ്ഞും നീണ്ടു. ഇതോടെ ഒരുമണിക്കൂറിലേറെ മുമ്പ് സമനില സമ്മതിച്ച് കൈകൊടുക്കാൻ ഇംഗ്ളീഷ് ക്യാപ്ടൻ ബെൻ സ്റ്റോക്സ് എത്തി. എന്നാൽ ജഡേജ വിസമ്മതിച്ചു. ഇതോടെ ഇംഗ്ളീഷ് താരങ്ങൾ വട്ടംകൂടിനിന്ന് കുറ്റപ്പെടുത്താൻ തുടങ്ങി. ക്യാപ്ടൻ പറഞ്ഞാലേ കളി നിറുത്തൂവെന്ന് നിലപാടെടുത്ത ജഡേജയും (107*) സുന്ദറും (101) സെഞ്ച്വറിയടിച്ചിട്ടേ അടങ്ങിയുള്ളൂ. ഗിൽ ഈ മത്സരത്തിലും സെഞ്ച്വറിയടിച്ചിരുന്നു,
സിറാജിന്റെ ബൗണ്ടറി
കടന്ന ക്യാച്ച്
അവസാന ടെസ്റ്റിൽ ഒരുപക്ഷേ ഇന്ത്യ തോറ്റിരുന്നെങ്കിൽ എല്ലാ പഴിയും മുഹമ്മദ് സിറാജിനായിരുന്നേനെ. കാരണം രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ടിന്റെ നെടുംതൂണായ ഹാരി ബ്രൂക്കിനെ വ്യക്തഗത സ്കോർ 19ൽവച്ച് ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം സിറാജിനെ തേടിയെത്തിയതാണ്. സിറാജ് പന്ത് കയ്യിലൊതുക്കിയെങ്കിലും കാല് ബൗണ്ടറി ലൈനിന് മുകളിലായിരുന്നു. ബ്രൂക്ക് പിന്നെ റൂട്ടിനൊപ്പം സെഞ്ച്വറിയടിച്ചതോടെയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പരുങ്ങലിലായത്. എന്നാൽഅന്നുതന്നെ ആകാശ്ദീപിന്റെ പന്തിൽ സിറാജ് ബ്രൂക്കിനെ പിടികൂടി. അവസാനദിവസം ഗസ് അറ്റ്കിൻസണിനെ ബൗൾഡാക്കി സിറാജ് എല്ലാറ്റിനും പ്രായാശ്ചിത്തവും ചെയ്തു.
പരിക്കേറ്റിട്ടും വോക്സും ക്രീസിൽ
അഞ്ചാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ക്രിസ് വോക്സ് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഓരോ വിക്കറ്റും നിർണായകമായതോടെ അവസാന ബാറ്ററായി ഇടം കൈ സ്ളിയംഗിലിട്ട് ശരീരത്തോട് ചേർത്തുവച്ച് വോക്സ് ക്രീസിലേക്ക് ഇറങ്ങി. ഓടുമ്പോൾ കയ്യനങ്ങി വേദനിച്ച വോക്സിന് സ്ട്രൈക്ക് കൊടുക്കാതെ അറ്റ്കിൻസൺ അവസാനപന്തുകളിൽ സിംഗിൾ നേടി. പരിക്കേറ്റ വോക്സിനെ ലക്ഷ്യം വയ്ക്കുന്നതിന് ക്ളോസ് ഫീൽഡേഴ്സിനെ ഗിൽ വിന്യസിച്ചുമില്ല.അറ്റ്കൻസണിനെ എറിഞ്ഞിട്ടുതന്നെ ഇന്ത്യ വിജയം ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |