തിരുവനന്തപുരം : കെ.സി.എല്ലിൽ പൊലീസുകാർക്ക് എന്താ കാര്യമെന്ന് ചോദിച്ചാൽ, പൊലീസുകാരനായ ഒരു ക്രിക്കറ്റ് കോച്ചിന്റെ ശിക്ഷണത്തിൽ തിളങ്ങുന്ന രണ്ട് പൊലീസുകാരുടെ മക്കളുടെ കാര്യം പറയേണ്ടിവരും. തൃശൂർ ടൈറ്റാൻസിന്റെ വെടിക്കെട്ട് ബാറ്റർ അഹമ്മദ് ഇമ്രാനും ട്രിവാൻഡ്രം റോയൽസിന്റെ ബൗളർ അഭിജിത്ത് പ്രവീണും അവരുടെ പരിശീലകൻ അജയ് പ്രസാദുമാണ് കെ.സി.എല്ലിൽ പൊലീസ് ബന്ധമുള്ളവർ. അഞ്ച് മത്സരങ്ങളിൽ നിന്ന് 347 റൺസുമായി ലീഗിലെ ടോപ് റൺവേട്ടക്കാരനാണ് അഹമ്മദ് ഇമ്രാൻ. അഭിജിത്ത് പ്രവീൺ കഴിഞ്ഞദിവസം കൊച്ചിക്കെതിരെ സഞ്ജു സാംസണിന്റെ ഉൾപ്പടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഇമ്രാന്റെ പിതാവ് സുഹ്റാജി റിട്ടയേഡ് എസ്.ഐയാണ്. അഭിജിത്തിന്റെ പിതാവ് പ്രവീൺ പൊലീസ് സർവീസിലിരിക്കേ നിര്യാതനായി. കോച്ച് അജയ്പ്രസാദ് ക്രൈംബാഞ്ച് ഐ.ജി സ്പർജ്ജൻകുമാറിന്റെ ഗൺമാൻ. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കോച്ചിംഗ് സെന്ററിലാണ് വർഷങ്ങളായി അജയ് പ്രസാദ് ഇവർക്ക് പരിശീലനം നൽകുന്നത്. പരിക്കുമൂലം കെ.സി.എല്ലിൽ കളിക്കാൻ കഴിയാത്ത നിഖിൽ ജോസ് ഉൾപ്പടെ നിരവധി കളിക്കാർ ഇവിടെ പരിശീലിക്കുന്നുണ്ട്.
2013ൽ ബാലചന്ദ്രൻ എസ്.എ.പി കമാൻഡന്റായിരിക്കുമ്പോഴാണ് റസിഡൻസ് വെൽഫയർ അസോസിയേഷന്റെ പിന്തുണയോടെ കോച്ചിംഗ് സെന്റർ തുടങ്ങുന്നത്. മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കൂടിയായിരുന്ന അബ്ദുറസാഖ് കമാൻഡന്റായപ്പോൾ നെറ്റ്സിടാൻ അനുവാദം നൽകി.പിന്നീടുവന്ന ഷെഹൻഷയും ഇപ്പോഴത്തെ കമാൻഡന്റ് യോഗേഷ് മന്ദയ്യയും നൽകുന്ന പിന്തുണയാണ് സെന്ററിന്റ പ്രവർത്തനത്തിന് കരുത്തുപകരുന്നതെന്ന് അജയ് പ്രസാദ് പറയുന്നു. ജോലിക്കൊപ്പം കോച്ചിംഗ് നൽകാൻ സ്പർജ്ജൻ കുമാറിന്റെ പിന്തുണയുമുണ്ട്. പൊലീസുകാരുടെ മക്കളും അല്ലാത്തവരുമായി 30ഓളം കുട്ടികൾക്കാണ് ഇവിടെ ക്രിക്കറ്റ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |