ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് വീട്ടുതടങ്കൽ വിധിച്ച് സുപ്രീംകോടതി. പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് ബൊൽസൊനാരോയുടെ ബ്രസീലിയയിലെ വസതിയിലെത്തിയ പൊലീസ് വീട്ടുതടങ്കൽ ഏർപ്പെടുത്തി. സെൽഫോണും പിടിച്ചെടുത്തു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് വിചാരണ നേരിടാനിരിക്കെ ബൊൽസൊനാരോയ്ക്ക് സുപ്രീംകോടതി കഴിഞ്ഞ മാസം ഏതാനും നിയന്ത്രണങ്ങൾ ചുമത്തിയിരുന്നു. ഇത് ലംഘിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്ന സുപ്രീംകോടതി ജഡ്ജി അലക്സാണ്ടർ ഡി മോറായിസ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബൊൽസൊനാരോയുടെ അഭിഭാഷകർ അറിയിച്ചു. സുപ്രീംകോടതിയുടെ അനുമതിയുള്ളവർക്കും അഭിഭാഷകർക്കും മാത്രമേ ബൊൽസൊനാരോയെ കാണാൻ സാധിക്കൂ.
സർക്കാരിനെ അട്ടിമറിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ തേടിയെന്ന ആരോപണത്തെ തുടർന്നാണ് ബൊൽസൊനാരോയ്ക്ക് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വിദേശ ഉദ്യോഗസ്ഥരുമായും എംബസികളുമായുള്ള ബന്ധപ്പെടലും സോഷ്യൽ മീഡിയ ഉപയോഗവും വിലക്കി. ബൊൽസൊനാരോയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കാലിൽ ഇലക്ട്രോണിക് ഉപകരണം ധരിക്കാനും ഉത്തരവിട്ടിരുന്നു.
70കാരനായ ബൊൽസൊനാരോ 2019ലാണ് പ്രസിഡന്റായത്. 2022ലെ തിരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. പിന്നാലെ രാജ്യത്തുണ്ടായ കലാപം, ലൂല അധികാരത്തിൽ എത്താതിരിക്കാൻ ബൊൽസൊനാരോ ആവിഷ്കരിച്ചതാണെന്ന് ആരോപിക്കുന്നു.
# വിലക്ക് ലംഘിച്ചു, പിടിവീണു
വിലക്ക് ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചു
സുപ്രീം കോടതിയെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചു
ബ്രസീലിയൻ ജുഡീഷ്യറിയിൽ വിദേശ ഇടപെടലിനായി ശ്രമിച്ചു
ഞായറാഴ്ച റിയോ ഡി ജനീറോയിൽ നടന്ന റാലിയിൽ അണികളെ ഫോണിലൂടെ അഭിസംബോധന ചെയ്തു
ബൊൽസൊനാരോയുടെ ഫോൺ സംഭാഷണത്തിന്റെ വീഡിയോ, മകനും സെനറ്ററുമായ ഫ്ലാവിയോ അണികൾക്കായി പുറത്തുവിട്ടു
# ട്രംപിനെ വകവയ്ക്കാതെ
വീട്ടുതടങ്കൽ നടപടിയെ അപലപിച്ച് യു.എസ് രംഗത്തെത്തി. ബൊൽസൊനാരോയ്ക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ആരോപിച്ച ട്രംപ്, നേരത്തെ ബ്രസീലിന് മേൽ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. മോറായിസിന് വിസാ നിയന്ത്രണവും ഏർപ്പെടുത്തി. ബ്രസീലിന് ഇനിയും തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |