ശ്രീകൃഷ്ണപുരം: നാലു ദിവസമായി ശ്രീകൃഷ്ണപുരത്ത് നടന്നുവന്ന സുബ്രതോ മുഖർജി കപ്പ് സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്‌ബാൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനലിൽ തൃശ്ശൂർ ജില്ലയിലെ ആളൂർ എസ്.എൻ.വി.എച്ച്.എസ്.എസിനെ ടൈബ്രേക്കറിലാണ് എൽ.ബിഎസ്.എം.എച്ച്.എസ്.എസ് പരാജയപ്പെടുത്തിയത്. എൽ.ബി.എസ്.എം.എച്ച്.എസ്.എസിലെ അൽശിഖ രാമചന്ദ്രൻ മികച്ച ഗോൾകീപ്പറായി തെരെഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെന്റിലെ മികച്ച പ്ലെയറായി തൃശൂർ ആളൂർ എസ്.എൻ.വി.എച്ച്.എസ്.എസിലെ പി.എസ്.വർഷ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ നേഹ സജി ടൂർണമെന്റിലെ പ്രോമിസിംഗ് പ്ലെയർ ആയി. നാലുദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 56 ടീമുകളാണ് മത്സരിച്ചത്. ടൂർണമെന്റിലേക്ക് ഏറ്റവും കൂടുതൽ സ്‌കൂളുകൾ ടീമിനെ അയച്ചത് പാലക്കാട് ജില്ലയാണ് (14 ടീമുകൾ) മലപ്പുറം ജില്ലയിൽ നിന്ന് 11, തൃശ്ശൂർ ജില്ലയിൽ നിന്ന് 7, പത്തനംതിട്ട ജില്ലയിൽ നിന്ന് 4, കൊല്ലം, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് 3 വീതം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽനിന്ന് 3 വീതം, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോ ടീമുകൾ വീതം എന്നിങ്ങനെയാണ് പങ്കാളിത്തം. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. കെ.പ്രേംകുമാർ എം.എൽ.എ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.കെ.സെയ്താലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുകുമാരൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.മുരളീധരൻ, പ്രിൻസിപ്പൽ പി.എസ്.ആര്യ, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.രാജഗോപാലൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |