കൊച്ചി: കേരളത്തിലെ ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ കവരുന്ന മോഷ്ടാക്കൾ പിടിയിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ക്രിമിനൽ കേസുകളിൽ പ്രതികളായ കോതമംഗലം നെല്ലിക്കുഴി സ്വദേശി ഫൈസൽ അലി (40), തൊടുപുഴ കുമ്പക്കല്ല് സ്വദേശി നിസാർ സിദ്ധിഖ് (42) എന്നിവരെയാണ് എറണാകുളം റെയിൽവേ പൊലീസ് ആറന്മുളയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് മോഷണം പോയ നിരവധി ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബുകൾ, ഒരു ഇലക്ട്രിക് സ്‌കൂട്ടർ എന്നിവ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടുമണിക്ക് എറണാകുളത്ത് എത്തിച്ച പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്.
വ്യാഴാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കൊല്ലം സ്വദേശിയായ ഒരു യുവതിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. കേസിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിയത്. ഭവനഭേദനം, വാഹനമോഷണം തുടങ്ങിയ കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളും സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്.
എറണാകുളം റെയിൽവേ ഡി.വൈ.എസ്.പി. ജോർജ് ജോസഫ്, എസ്.ഐ. ഇ.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസിന്റെ ഡാൻസാഫ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |