കൊച്ചി: യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരായ അശ്ളീല ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്, 'മാപ്പ്" പറഞ്ഞതിനു പിന്നാലെ വാർത്താചാനൽ അവതാരകയ്ക്കെതിരെ തെറി അഭിഷേകവുമായി നടൻ വിനായകൻ. യേശുദാസിനും അടൂരിനും എതിരെയുള്ള വിനായകന്റെ പോസ്റ്റിനെ വിമർശിച്ച് ചാനലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രോഗ്രാം സംപ്രേഷണം ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച 12നു മുമ്പ് മറുപടി പറയുമെന്ന് വിനായകൻ പ്രതികരിച്ചിരുന്നു. തുടർന്ന് തന്റെ പിതാവ് രചിച്ച 'പുലയന്റെ മകനോട് പുലയാണ് പോലും" എന്ന തെറിവാക്കുകളുള്ള കവിത അവതാരക പോസ്റ്റുചെയ്തു. ആ കവിതയിലെ പദങ്ങൾതന്നെ കൂടുതലായി ഉപയോഗിച്ചാണ് അവതാരകയ്ക്കെതിരെ നടൻ പ്രതികരിച്ചത്.
പട്ടികജാതി, വർഗ വിഭാഗക്കാർക്കും വനിതകൾക്കും സിനിമാ നിർമ്മാണത്തിനുള്ള പദ്ധതിയിൽ 1.5 കോടി നൽകുംമുമ്പ് അവർക്ക് പരിശീലനം നൽകണമെന്ന അടൂരിന്റെ പരാമർശമാണ് വിനായകനെ ചൊടിപ്പിച്ചത്. യേശുദാസിനെയും അടൂരിനെയും കഠിനമായി വിമർശിച്ചതിനെതിരെ വലിയ പ്രതികരണമുണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചു. പിന്നാലെ 'സോറി" എന്നെഴുതിയ പോസ്റ്റും ഇട്ടിരുന്നു.
വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ
വിനായകനെ പരോക്ഷമായി വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ. ''യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണസംഗീത കാലഘട്ടം പിറന്നുവീണത് എന്ന് മറക്കാതിരിക്കുക. അത്യുന്നതങ്ങളിൽ അംബേദ്കർ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം"". വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |