തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനക്കേസ് ബുധനാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി നിയമനത്തിന് കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർക്കെതിരെ സർക്കാർ ആയുധമാക്കും. സമവായത്തിലൂടെ വൈസ്ചാൻസലർ നിയമനം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും അതിലൊപ്പിടാൻ ഗവർണറോട് കോടതി നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടും. ഓർഡിനൻസിന് അനുമതി നൽകാതിരിക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടും. നിയമവിരുദ്ധമായ വ്യവസ്ഥകളടങ്ങിയതാണ് ഓർഡിനൻസെന്നും 'വേണ്ടപ്പെട്ടവരെ' വി.സിയാക്കാനുള്ള സർക്കാരിന്റെ കുറുക്കുവഴിയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടും. ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്.
ഓർഡിനൻസിലെ വ്യവസ്ഥകളെല്ലാം സുപ്രീംകോടതി ഉത്തരവുകൾക്കെതിരാണെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. സെർച്ച്കമ്മിറ്റി ഒറ്റപ്പേര് നൽകരുതെന്നും പാനൽ നിർബന്ധമാണെന്നും സുപ്രീംകോടതി ഉത്തരവുള്ളതാണ്. യു.ജി.സി ചട്ടപ്രകാരവും മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നാവണം വി.സി നിയമനം. വി.സി നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിലുണ്ട്. ചാൻസലർ എന്നത് വെറും സ്ഥാനപ്പേരല്ലെന്നും വി.സി നിയമനത്തിലെ ചാൻസലറുടെ തീരുമാനം എല്ലാവിധത്തിലും അന്തിമമാണെന്നും മറ്റാരുടെയെങ്കിലും താത്ൽപര്യത്തിന്റെയോ ആജ്ഞയുടെയോ അടിസ്ഥാനത്തിൽ ചാൻസലർ പ്രവർത്തിക്കുന്നത്
നിയമവിരുദ്ധമാണെന്നും ഈ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാവും സർക്കാരിന്റെ ഓർഡിനൻസിനെ ഗവർണർ കോടതിയിൽ എതിർക്കുക.
വി.സി നിയമനത്തിൽ
ഗവർണർ കാഴ്ചക്കാരൻ
ഓർഡിനൻസ് പ്രകാരം ഡിജിറ്റൽ സർവകലാശാലാ വി.സി നിയമനത്തിൽ ഗവർണർക്ക് കാഴ്ചക്കാരന്റെ റോളേയുള്ളൂ. ഒഴിവ് വിജ്ഞാപനം ചെയ്യുന്നതും സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതും ചാൻസലറായ ഗവർണറല്ല, സർക്കാരാണ്. സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയില്ല. ഉന്നതവിദ്യാഭ്യാസ കൗൺസിൽ, യു.ജി.സി, സർവകലാശാല, സർക്കാർ, സയൻസ് ആൻഡ് ടെക്നോളജി പ്രതിനിധികളാണുള്ളത്. യു.ജി.സിയൊഴികെ നാലുപേരും സർക്കാരിന്റെ താത്പര്യം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. സെർച്ച്കമ്മിറ്റിക്ക് ഐകകണ്ഠ്യേന ഒറ്റപ്പേര് ഗവർണർക്ക് നൽകാം. അല്ലെങ്കിൽ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിയായി ഗവർണർക്ക് നിയമിക്കാം.
ഓർഡിനൻസ് ഒപ്പിടൽ
ഗവർണറുടെ അധികാരം
ഓർഡിനൻസിൽ ഒപ്പിടുന്നത് ഗവർണറുടെ വിവേചനാധികാരത്തിൽ പെട്ടതാണ്. ഒപ്പിടുകയോ മാറ്റിവയ്ക്കുകയോ സർക്കാരിലേക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാം.
തിരിച്ചയച്ച ബിൽ നിയമസഭ രണ്ടാമതും പാസാക്കി ഗവർണർക്കയച്ചാൽ അതിൽ ഒപ്പിട്ടേ പറ്റൂ. എന്നാൽ ഓർഡിനൻസിന് ഈ വ്യവസ്ഥ ബാധകമല്ല.
വരുന്ന നിയമസഭാ സമ്മേളനത്തിൽ ഡിജിറ്റൽ സർവകലാശാലാ വി.സി നിയമന ഭേദഗതി ബിൽ കൊണ്ടുവരാൻ ഐ.ടി വകുപ്പ് നീക്കംതുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |