ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി. സിംഗ്. വെടിവച്ചിട്ട പാക് വിമാനങ്ങളുടെ കണക്ക് വ്യോമസേന പുറത്തുവിടുന്നത് ആദ്യമാണ്. ബംഗളൂരുവിൽ 16-ാമത് എയർ ചീഫ് മാർഷൽ എൽ.എം കത്രെ പ്രഭാഷണത്തിനിടെയാണ് ഇത് വ്യക്തമാക്കിയത്. കുറഞ്ഞത് അഞ്ച് യുദ്ധവിമാനങ്ങളെങ്കിലും തകർന്നു. 300 കിലോമീറ്റർ അകലെവച്ച് എ.ഇ.ഡബ്ല്യു ആൻഡ് സി ഇനത്തിൽപ്പെടുന്നതെന്നുകരുതുന്ന വലിയ വിമാനവും വീഴ്‌ത്തി. കരയിൽ നിന്ന് തൊടുത്ത മിസൈൽ തകർത്ത ഏറ്റവും വലിയ വിമാനമാണത്.
നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അദ്ഭുതകരമായി പ്രവർത്തിച്ചു. റഷ്യൻ എസ്-400 സംവിധാനം കളി മാറ്റിമറിച്ചു. ഇന്ത്യൻ ഹൃസ്വ ദൂര, ദീർഘദൂര മിസൈലുകളാണ് ആക്രമണം നടത്തിയത്.
സേനയ്‌ക്ക് ഒരു തടസവുമുണ്ടായില്ല. വിഭവങ്ങൾ പരമാവധി വിനിയോഗിച്ചാണ് പാക് വ്യോമതാവളങ്ങൾ നശിപ്പിച്ചത്. എത്ര ദൂരം ചെന്നും ഇഷ്ടാനുസരണം ആക്രമിക്കാനാകുമെന്ന സന്ദേശം നൽകി. ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിന്റെ പകുതിയും തകർന്നു. അറ്റകുറ്റപ്പണികൾക്കായി നിറുത്തിയിട്ട ചില എഫ് 16 വിമാനങ്ങൾക്ക് കേടുപാടുകളുണ്ടായി. മുറിദ്, ചക്ലാല പോലുള്ള കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളിൽ വലുതും ചെറുതുമായ ആറ് റഡാറുകളെങ്കിലും തകർന്നു. ലഷ്കർ ആസ്ഥാനമായ മുരിദ്‌കെയുടെ ആക്രമണത്തിന് ശേഷവും മുമ്പുമുള്ള ചിത്രങ്ങൾ എയർ ചീഫ് മാർഷൽ പുറത്തുവിട്ടു. 80-90 മണിക്കൂർ നീണ്ട ഹൈടെക് യുദ്ധത്തിലൂടെ വൻ നാശമുണ്ടാക്കാനായി. അത് തുടർന്നാൽ കൂടുതൽ വില നൽകേണ്ടിവരുമെന്ന് അവർക്ക് മനസിലായതോടെ വെടിനിറുത്തലിനായി മുന്നോട്ടുവന്നു. കൂടുതൽ ആക്രമിക്കാമായിരുന്നെങ്കിലും ലക്ഷ്യം നേടിക്കഴിഞ്ഞാൽ വെടിനിറുത്തലിനുള്ള അവസരം ഉപയോഗപ്പെടുത്തണമായിരുന്നു. രാഷ്ട്രം നല്ല തീരുമാനമെടുത്തു. 2019ലെ ബലാകോട്ട് സർജിക്കൽ ആക്രമണത്തിലൂടെ പാകിസ്ഥാനുള്ളിൽ വലിയ നാശമുണ്ടാക്കി. നിരവധി ഭീകരരെ വകവരുത്തിയെങ്കിലും തെളിവു നൽകാനായില്ല. ഇത്തവണ ആ ന്യൂനത പരിഹരിച്ച് എന്താണ് നേടിയതെന്ന് ലോകത്തോട് പറയാൻ കഴിഞ്ഞു.
പൂർണ സ്വാതന്ത്യം നൽകി
'ഓപ്പറേഷനിൽ സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. രാഷ്ട്രീയ ഇച്ഛാശക്തി വിജയത്തിനുള്ള ഒരു പ്രധാന കാരണമാണ്. വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചെങ്കിലും യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ല. ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്വതയോടെ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൂന്ന് സേനകൾക്കിടയിൽ മികച്ച സമന്വയമുണ്ടായിരുന്നു. സംയുക്ത സൈനിക മേധാവി ഏകോപനം നടത്തി. എല്ലാ ഏജൻസികളെയും കോർത്തിണക്കാൻ ദേശീയസുരക്ഷാ ഉപദേഷ്‌ടാവിന് കഴിഞ്ഞു- വ്യോമസേനാ മേധാവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |